അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ, ദേവി, ആര്യ എന്നീ മലയാളികളുടെ മരണത്തിൽ നാലാമന്റെ സ്വാധീനം ഉറപ്പിച്ച് അന്വേഷണ സംഘം അന്വേഷണം മുന്നോട്ട് നീക്കുകയാണ്. സാത്താൻ സേവയാണ് മരണകാരണമെങ്കിൽ ഈ ആഭിചാരപ്രക്രിയയിൽ മുഖ്യകാർമികൻ ഉണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്. സാധരണ സാത്താൻസേവ കേസുകളിൽ കൊലപാതകം നടത്താൻ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. കർമങ്ങൾക്കുശേഷം അയാൾ മരിക്കാറുമില്ല. ഇതിൽ ആ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. മൂന്നുപേരും മരണപ്പെട്ട സ്ഥിതിക്ക് ഉറപ്പായും ഒരു നാലാമന്റെ സാന്നിധ്യ പോലീസ് സംശയിക്കുന്നു.
ഇവർ അരുണാചലിലേക്കു പോകുന്നതിനു തൊട്ടുമുൻപു വരെയുള്ള ഇ-മെയിൽ ചാറ്റുകൾ പരിശോധിക്കുകയാണ് പോലീസ്. ഇവര്‍ മരിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുറിയിൽ നാലാമൻ വന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ഓൺലൈനിലൂടെ ആരെങ്കിലും സാത്താൻ സേവയുടെ മുഖ്യകാർമികനാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ മെയിലുകൾ പരിശോധിക്കുക വഴി ഇതിനു വ്യക്തത വരുത്താനാവുമെന്നു പോലീസ് കരുതുന്നു. മരിച്ച ദമ്പതികളുടെയും സുഹൃത്തിന്റേയും നീക്കങ്ങൾ അതീവ ശ്രദ്ധാപൂർവ്വമായിരുന്നു എന്നത് പോലീസിന്റെ ജോലി ദുഷ്കരമാക്കുന്നുണ്ട്. ഡാർക്ക് നെറ്റ് വഴിയാണ് അവർ ഈ വിവാദ വെബ്സൈറ്റുകൾ പരതിയിരുന്നത്. അതുവഴി മറ്റുള്ളവർ ബ്രൗസ് ഹിസ്റ്ററി മനസ്സിലാക്കുന്നത് തടയാൻ കഴിയും.
ദമ്പതികളായ കോട്ടയം സ്വദേശി നവീന്‍ തോമസും ദേവിയും സുഹൃത്തായ ആര്യയും അന്യഗ്രഹജീവിതം ആഗ്രഹിച്ചവരാണെന്നാണ് പോലീസ് കരുതുന്നത്. ആര്യയുടെ ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്ത 466 പേജുള്ള രേഖയില്‍നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍നിന്നുള്ള ‘മൈതി’ എന്ന സാങ്കല്പിക കഥാപാത്രവുമായുള്ള സംഭാഷണമാണ് ഈ രേഖയില്‍. ദിനോസറുകള്‍ക്കു വംശനാശം വന്നില്ലെന്നും ദിനോസറുകളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഇതില്‍ പറയുന്നു. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്കു മാറ്റുമെന്നും രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.