തൃശ്ശൂർ: മൂന്ന് ആൺകുട്ടികളെ വാനിൽ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തുവയസ്സുകാരന്റെ മൊഴിപ്രകാരം അന്വേഷണം തുടങ്ങി. പട്ടിക്കാട് ആൽപ്പാറ കനാലുംപുറത്തുനിന്ന് ഓംമ്‌നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരൻ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ എ.സി.പി.യുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാർഥിയായ പത്തുവയസ്സുകാരൻ പറയുന്നത്. മൂന്ന് കുട്ടികളെ മർദിച്ചശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓംമ്‌നി വാനിൽ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാർഥിയുടെ മൊഴി.
രാവിലെ സൈക്കിളിൽ പള്ളിയിൽനിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരൻ പറയുന്നു. തന്നെക്കാൾ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനിൽ മർദിച്ച് കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.