ആദ്യകാലത്ത് ആൺകുട്ടികളുടെ കുത്തകയായിരുന്നു ബുള്ളറ്റ് എങ്കിൽ ഇപ്പോൾ പെൺകുട്ടികൾക്കിടയിലും ബുള്ളറ്റ് പ്രേമികൾ ധാരാളമാണ്. ബുള്ളറ്റിൽ പറപറക്കാറുണ്ടെങ്കിലും അതിന്റെ മെക്കാനിക് ജോലികൾ ചെയ്യുന്ന എത്ര പെൺകുട്ടികൾ ഉണ്ടാകും. എന്നാൽ കോട്ടയം സ്വദേശിയായ ദിയ ജോസഫ് എന്ന 21കാരിയുടെ ബുള്ളറ്റ് പ്രേമം കൊണ്ടെത്തിച്ചത് എൻഫീൽഡ് കമ്പനിയിലാണ്. റോയൽ എൻഫീൽഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ മെക്കാനിക്ക് എന്ന ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ് ദിയക്ക്.
മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ദിയയ്ക്ക് നേരിട്ട് ജോലി ഓഫർ ചെയ്യുകയായിരുന്നു റോയൽ എൻഫീൽഡ്.അച്ഛൻ മെക്കാനിക്ക് ആയതുകൊണ്ടുതന്നെ ഓർമവെച്ച കാലം മുതൽ കേട്ടു ശീലിച്ചത് ബുള്ളറ്റുകളുടെ ശബ്ദമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിയയെ ഇരുചക്ര വാഹനങ്ങളുടെ തകരാറുകൾ എഴുതിയെടുക്കാൻ അച്ഛൻ പഠിപ്പിച്ചത്. അച്ഛന്റെ ജോലിയിൽ താത്പര്യം തോന്നിയതോടെ പതിയെ പണികൾ പഠിച്ചുതുടങ്ങി. ചെറിയ വയറിങ് പണികളിൽ തുടങ്ങി വലിയ തകരാറുകൾ വരെ അനായാസം നന്നാക്കിയെടുക്കാൻ ദിയ പഠിച്ചു.
ബുള്ളറ്റ് ഓടിക്കുക എന്നതിലുപരി ഓടിക്കുന്ന വാഹനം സ്വന്തമായി നന്നാക്കാൻ അറിയുക എന്നതായിരുന്നു ദിയയുടെ ആഗ്രഹം. പിറന്നാൾ സമ്മാനമായി അച്ഛൻ തണ്ടർബേർഡ് 350 വാങ്ങികൊടുത്തതോടെ അതിലാണ് യാത്ര. ചെറുപ്രായത്തിൽ തന്നെ വലിയ അംഗീകാരങ്ങൾ ലഭിച്ച ദിയയ്ക്ക് ബുള്ളറ്റുകളെ സ്നേഹിക്കാൻ പ്രചോദനമായത് അച്ഛൻ തന്നെയാണ്.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം ചെന്നൈയിലെ റോയൽ എൻഫീൽഡിലെ ഫാക്ടറിയിൽ ജോലിയില്‍ കയറാനാണ് ദിയയുടെ തീരുമാനം. അവധിക്കാല സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അച്ഛനിൽ നിന്ന് ബുള്ളറ്റ് മെക്കാനിക്കിൽ അഗ്രഗണ്യയാകാനുള്ള തയ്യാറെടുപ്പിലാണ് ദിയ.
Read Also: സൂപ്പർ കാർ പറപറത്തും സൂപ്പർ അമ്മൂമ്മ; എഴുപത്തിരണ്ടാം വയസ്സിൽ സോഷ്യൽ മീഡിയയിൽ സ്റ്റാറായി രാധാമണിയമ്മ