കൊച്ചി: കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിൻറെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി നേരത്തെ പിഎംഎൽഎ കോടതി തള്ളിയിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം നീണ്ടു പോകുന്നതിൽ ഇഡിയെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്താണ് ഈ കേസിൽ ഇഡി ചെയ്യുന്നതെന്നും അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തൻറെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അവർക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജൻസി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
എന്നാൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. നിലവിൽ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളിൽ അന്വേഷണം നടക്കുന്നുണ്ട്. കേസിൻറെ അന്വേഷണം അവസാന ഘട്ടത്തിലാണ്. കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവർക്കുൾപ്പടെയുള്ളവർക്ക് സമൻസ് അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ അന്വേഷണം വൈകുന്ന കാര്യത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ ഇതുവരെ സമർപ്പിച്ച എല്ലാ കുറ്റപത്രങ്ങളും ഹാജരാക്കാൻ ഇഡിക്ക് കോടതി നിർദേശം നൽകി.