പൂക്കോട് വെറ്റനറി കോളജിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്.യൂട്യൂബർ കെ ജാമിദയ്‌ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടി. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു.
153 (എ) പ്രകാരമാണ് ജാമിദയ്‌ക്കെതിരെ കേസ് എടുത്തത്. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വിഡിയോകൾ ജാമിദ നടത്തിയിരുന്നു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വിഡിയോകൾ ജാമിദ ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വിഡിയോകളാണ് ഇത്. ചില വടക്കേ ഇന്ത്യൻ സൈബർ ഇടങ്ങളിലും സമാനമായ വിദ്വേഷ പ്രചരണം നടന്നിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഇരുമതവിഭാഗത്തേയും തമ്മിലടിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തിയിട്ടുള്ളത്.