വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ തുറക്കാനാവുന്നില്ല എന്ന് പ്രവാസികളുടെ പരാതി. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആവാതെ പ്രവാസികൾ കുഴങ്ങുകയാണ്. അടക്കമുള്ള വിദേശരാജ്യങ്ങളിൽ സൈറ്റ് തുറക്കാൻ ആവാതെ വന്നതോടെ പ്രവാസികൾ ആശങ്കയിൽ ആണെന്ന് പ്രവാസി സംഘടന നേതാക്കൾ പറയുന്നു.
നേരത്തെ വിദേശരാജ്യങ്ങളിൽ ഇരുന്ന് voters.eci.gov.in എന്ന ലിങ്ക് വഴി വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർ ആയി പേര് ചേർക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്നില്ല. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വോട്ട് ചേർക്കൽ ക്യാമ്പയിന് തുടക്കം കുറിച്ചുവെങ്കിലും സൈറ്റിന്റെ ലിങ്ക് ഓപ്പൺ ആവുന്നില്ല. ഇതോടെ നാട്ടിലെ പ്രവർത്തകരെയും മറ്റും ബന്ധപ്പെട്ട് തങ്ങളുടെ പേരുകൂടി വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടികയിൽ പേര് ചേർത്തിട്ടില്ലാത്തവർക്ക് മാർച്ച് 25 വരെയാണ് അവസരം ഉണ്ടാവുക.