പേരാമ്പ്രയിൽ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം മോഷ്ടിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് പിടിവള്ളിയായത് സമാനമായ മറ്റൊരു കുറ്റകൃത്യത്തിൽ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെതിരെ മുത്തേരിയിൽ രജിസ്റ്റർ ചെയ്ത കേസ്. മുത്തേരിയിലെ ഈ ബലാംത്സംഗ കേസാണ് അനുവിന്റെ കേസിൽ വഴിത്തിരിവായത്. ആ കേസിലും ഒന്നാം പ്രതിയാണ് മുജീബ്. 2022 സെപ്റ്റംബറിലാണ് സമാനമായ സംഭവം നടന്നത്. ജോലിക്കു പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ആഭരണം കവരുകയായിരുന്നു. ഈ കേസ് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം മുജീബിലേക്കെത്തിയത്. മുക്കത്തു മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ് മുജീബ്.
വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. ഇന്നലെയാണ് കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ കേസിൽ മുജീബിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ നിലവിലുണ്ട്.