കോഴിക്കോട്: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരിൽ കുറുങ്കുടി വാസുവിന്റെ മകൾ അംബിക എന്ന അനുവിനെ (26) കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം വഴിയിൽ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തിൽ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ ആണെന്ന് പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിൻറെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറുകയായിരുന്നു.
മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്മാൻ എത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പിൽ എടവണ്ണപ്പാറ ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്.
ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്. അനുവിൻറെ കൊലപാതകത്തിൻറെ ഞെട്ടലിലാണ് നൊച്ചാടുള്ള നാട്ടുകാർ. സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനായി ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.മുജീബിനെ തെളിവെടുപ്പിനായി കൊല നടന്ന സ്ഥലത്തെത്തിച്ചപ്പോൾ നാട്ടുകാരിൽ നിന്നും രോഷ പ്രകടനമുണ്ടായി. തെളിവെടുപ്പിനിടെ, പ്രതിയുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതി ഉപയോഗിച്ച ബൈക്കിൽ നിന്ന് വലിയ ബാഗും കയ്യുറകളും ലഭിച്ചു. കയ്യുറ ധരിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് സൂചന. കൃത്യം നടത്തുമ്പോൾ പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതായും വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ തെളിവുകൾ തേടുകയാണ് പൊലീസ്.
ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിൻറെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിച്ചേർന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കിൽ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയിൽ ഇയാളെ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് വാളൂർ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിൻറെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടിൽ അനുവിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടിൽ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിൻറെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിൻറെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.