AI ക്യാമറ വന്നതോടെ ഗതാഗത നിയമലംഘനങ്ങൾ നന്നായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ക്യാമറയെ പറ്റിച്ച് മുങ്ങാൻ വിരുതർ ധാരാളം. അത്തരത്തിലൊരു ഫോട്ടോയും അതിനൊപ്പം ഉള്ള MVD യുടെ കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ക്യാമറയെ കബളിപ്പിക്കാൻ ആയി കോട്ടിനുള്ളിൽ തലയിട്ട് യാത്ര ചെയ്ത രണ്ടു യുവാക്കൾക്കാണ് ക്യാമറ തന്നെ പണി കൊടുത്തത്. തല ഒളിപ്പിച്ചപ്പോൾ കാലിന്റെ എണ്ണമെടുത്ത് ക്യാമറ യുവാക്കൾക്ക് പിഴയിട്ടു. പിഴയൊടുക്കാൻ ബൈക്ക് ഉടമസ്ഥനു നോട്ടീസ് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സംബന്ധിച്ച് കുറിപ്പ് MVD സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
MVD സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്:
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.
തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല……. പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.
കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്.
തല കുറച്ച് കാറ്റ് കൊള്ളട്ടെ..
അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?.