ന്യൂഡല്‍ഹി: വാക്കൗട്ട് വിവാദത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി.ക്ലബ്ബ് നല്‍കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (സിഎഎസ്) തള്ളി. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട അപ്പീലാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോക കായിക കോടതിയായ സിഎഎസ് തള്ളിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് പിഴത്തുക ഉടനെ അടയ്ക്കേണ്ടി വരും.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കും മുമ്പ് കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്‌സിനും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനുമെതിരെ നടപടി എടുത്തത്. നാല് കോടി രൂപയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്ലാസ്റ്റേഴ്‌സിന് പിഴയായി ചുമത്തിയത്. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് സിഎഎസില്‍ നല്‍കിയ കേസാണ് ഇപ്പോള്‍ പരാജയപ്പെട്ടത്.
ഇതേ തുടർന്ന് പിഴയായി ചുമത്തിയിരുന്ന നാല് കോടി രൂപ രണ്ടാഴ്ചക്കുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫിന് നല്‍കണം. മാത്രമല്ല നിയമനടപടികള്‍ക്കായി എഐഎഫ്എഫിന് ചെലവഴിക്കേണ്ടി വന്ന പണവും ടീം നല്‍കേണ്ടി വരും.