ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് സ്ത്രീ വോട്ടർമാരോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വീട്ടിലുള്ള പുരുഷന്മാർ ആം ആദ്മിയെ പിന്തുണയ്ക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. ‘മോദി..മോദി’ എന്ന് പറഞ്ഞ് നടക്കുന്ന പുരുഷന്മാർക്ക് അത്താഴം കൊടുക്കരുതെന്നും കെജ്‍രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് തങ്ങളുടെ ഭർത്താക്കന്മാരെക്കൊണ്ട് സത്യം ചെയ്യിക്കാൻ കെജ്‍രിവാൾ ആവശ്യപ്പെട്ടു. എല്ലാ ഭർത്താക്കന്മാരും ഭാര്യമാർ പറയുന്നത് കേൾക്കണം. ഭാര്യമാരോട് സത്യം ചെയ്താൽ അത് പാലിക്കാനുള്ള ഉത്തരവാദിത്തം ഭർത്താക്കന്മാർക്കുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു.
‘അവരോട് പറയൂ, കെജ്‌രിവാൾ നിങ്ങളുടെ വൈദ്യുതി സൗജന്യമാക്കി, ബസ് ടിക്കറ്റ് സൗജന്യമാക്കി, ഇപ്പോൾ അദ്ദേഹം സ്ത്രീകൾക്ക് ₹ 1,000 നൽകുന്നു. ഇവർക്കായി ബിജെപി എന്താണ് ചെയ്തത്? പിന്നെ എന്തിന് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ചോദിക്കൂ.’, അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി.