തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാത്ത് നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. അത് പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും എന്നുമാത്രം . രണ്ട് എംഎൽഎമാർ തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്.
എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഒട്ടും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് മട്ടന്നൂർ എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
മൂന്നു തവണ തുടർച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ വിജയം 3859 വോട്ടുകൾക്കായിരുന്നു. ഷാഫി വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ.
2016 ലെ ഷാഫിയുടെ 17483 വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ ശ്രീധരനോടുളള മത്സരത്തിൽ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ അത് യുഡിഎഫിന് അഗ്നിപരീക്ഷയാകും.
ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും പ്രചാരണത്തിൽ മുന്നേറിയ സ്ഥാനാർഥിയെ ഇരുട്ടി നേരം വെളുക്കുമ്പോഴേക്കും മാറ്റിയ അമ്പരപ്പിൽ വടകരയിലെ യു.ഡി.എഫ്. സഹോദരി കൂടിയായ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതോടെ രാഷ്ട്രീയ പ്രതിരോധം കൂടി ലക്ഷ്യമിട്ടാണ് സിറ്റിങ് എം.പി കെ. മുരളീധരനെ പാർട്ടി വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റിയത്. സിറ്റിങ് എം.പിമാർ അതത് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന നിർദേശം വന്നതോടെ മുരളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയിരുന്നു. അതിനും എത്രയോ ദിവസങ്ങൾക്കുശേഷമാണ് എൽ.ഡി.എഫ് കെ.കെ. ശൈലജ എം.എൽ.എയെ രംഗത്തിറക്കിയത്. നിലവിൽ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മുരളിക്കായി ചുമരഴെുത്ത്, പോസ്റ്റർ, ഫ്ലക്സ് ബോർഡ് എന്നീ പ്രചാരണം ആരംഭിച്ചിരുന്നു.
രാഷ്ട്രീയത്തിനപ്പുറം പ്രതിച്ഛായയുള്ള ശൈലജയെ നേരിടാനാവുന്ന കരുത്തനായ സ്ഥാനാർഥിയാണ് മുരളി എന്നതായിരുന്നു യു.ഡി.എഫിന്റെ ആത്മബലം. സിറ്റിങ് എം.പി എന്നതിനാൽ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ മുരളി സുപരിചിതനുമാണ്. എപ്പോഴും ന്യൂനപക്ഷ നിലപാട് സ്വീകരിക്കുകയും വർഗീയതയെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നതിനാൽ മുരളിതന്നെ സ്ഥാനാർഥിയാവണമെന്ന നിലപാടിലായിരുന്നു മുസ്ലിം ലീഗും. അപ്രതീക്ഷിതമായി മുരളിയെ പിൻവലിച്ചതോടെ യു.ഡി.എഫ് അങ്കലാപ്പിലാണ്. എന്നാൽ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിൽ എം.എൽ.എ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാണ്. അതേസമയം ഷാഫി വടകരയിൽ പുതുമുഖമാണ് എന്നതിനാൽ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട പ്രവർത്തനം കൂടി യു.ഡി.എഫ് നടത്തേണ്ടിവരും. ശൈലജയാണെങ്കിൽ ആദ്യഘട്ട പര്യടനം ഏതാണ്ട് പൂർത്തിയാക്കിയിട്ടുമുണ്ട്.
വടകരയിലേക്ക് ഷാഫി വരുമെന്ന വാർത്തയോട് കോൺഗ്രസ് നേതാക്കൾ ആദ്യഘട്ടത്തിൽ പ്രതികരിച്ചിരുന്നില്ല. മാത്രമല്ല വടകരയിൽ സ്ഥാനാർഥിയാകുന്നതിനെതിരെ ഷാഫി തന്നെ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്ലീൻ ഇമേജുള്ള യുവ സ്ഥാനാർഥി വരട്ടെയെന്ന നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. എം.പി -എം.എൽ.എ പോരാട്ടം എന്നതിൽ നിന്ന് എം.എൽ.എമാർ തമ്മിലുള്ള പോരിനാണ് അപ്രതീക്ഷിത ട്വിസ്റ്റോടെ കളമൊരുങ്ങിയത്.