ബൈബിൾ തിരുത്തിയെഴുതാൻ ഫ്രാൻസിസ് മാർപ്പാപ്പ ലോക സാമ്പത്തിക ഫോറത്തിനു അനുമതി നൽകിയെന്ന ത്തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ നിലവിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് റോയിട്ടേഴ്‌സിന്റെ ഫാക്ട് ചെക്കിങ് വിഭാഗം വെളിപ്പെടുത്തുന്നു. ബൈബിളിലെ തെറ്ററായ വിവരങ്ങൾ കണ്ടെത്തി അത് മായിച്ചു കളയണമെന്ന് ഫ്രാൻസിസ് പപ്പാ എക്‌സിൽ കുറിച്ചെന്ന സ്‌ക്രീൻ ഷോട്ടാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദി പീപ്പിൾസ് വോയിസ് എന്ന വെബ്‌സൈറ്റിൽ ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനവും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ലോക സാമ്പത്തിക ഫോറത്തിനാണ് ബൈബിൾ തിരുത്തിയെഴുതാൻ മാർപ്പാപ്പ നിർദേശം നൽകിയതെന്ന് ഈ വെബ്സൈറ്റ് പറയുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ഉള്ളിലെ വിവരങ്ങൾ അറിയാവുന്ന ഒരാളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത് എന്നാണു വെബ്‌സൈറ്റിന്റെ വാദം.
രാഷ്ട്രീയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന, ദൈവത്തിനുള്ള പ്രാധാന്യം കുറച്ചുകൊണ്ട് പ്രകൃതിക്ക് കേന്ദ്രസ്ഥാനം നല്കുന്നതായിരിക്കണം പുതിയ ബൈബിളിനു ഫ്രാൻസിസ് മാർപ്പാപ്പ നിർദേശം നൽകിയെന്ന് ഈ വ്യക്തി വെളിപ്പെടുത്തിയതായി വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഇതിനിടെ, ലോക സാമ്പത്തിക ഫോറം പ്രസ്തുത പ്രചാരണം തള്ളി. ആഗോളതലത്തിലെ വിവിധ പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കുന്ന ലോക സാമ്പത്തികഫോറത്തിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും മാത്രമാണ് ഇത്തരം വ്യാജ പ്രചാരണം, നടത്തുന്നതെന്ന് അവരുടെ വക്താവ് വെളിപ്പടുത്തി. ഒപ്പം മാർപ്പാപ്പ ഇങ്ങനെയൊരു കാര്യം പറഞ്ഞതായി യാതൊരു തെളിവുമില്ലെന്നു റോയിട്ടേഴ്‌സിന്റെ ഫാക്ട് ചെക്കിങ് വിഭാഗം കണ്ടെത്തിക്കഴിഞ്ഞു. മാർപ്പാപ്പ എക്‌സിൽ പോസ്റ്റ് ചെയ്‌തെന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ടിലെ വാചകങ്ങൾ പാപ്പയുടെ ഔദ്യോഗിക ട്വിറ്റെർ ഹാന്ഡിലിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നും അധികൃതർ അറിയിച്ചു.