തിരുവനന്തപുരം: ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെ കെഎസ്ആർടിസിയിൽ നിയമിച്ച ഏഴ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ട നടപടി വിവാദത്തിൽ. എച്ച്ആർ മാനേജർ ഷെജു, ഫിനാൻസ് ജനറൽ മാനേജർ ബീനാ ബീഗം, സിവിൽ വിഭാഗത്തിലെ 2 എക്സിക്യൂട്ടീവ് എൻജിനീയർമാർ, അക്കൗണ്ട്സ് വിഭാഗത്തിലെ 3 ട്രെയ്നി ഉദ്യോഗസ്ഥർ എന്നിവരെയാണ് പിരിച്ചുവിട്ടത്. മധ്യനിര മാനേജ്മെന്റ് ശക്തമാക്കണമെന്ന പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിതരായവരാണ് ഇവർ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇവരെ പിരിച്ചുവിട്ടത് എന്നതാണ് ഇപ്പോൾ വിവാദമാകുന്നത്. ജോലിയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് നോട്ടിസ് നൽകണമെന്ന വ്യവസ്ഥ പോലും പാലിക്കാതെയായിരുന്നു പിരിച്ചുവിടൽ.
കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുത്ത ദിവസം മുതൽ ജോലിക്കു ഹാജരാകേണ്ടെന്ന് നിർദേശിച്ച് ഇമെയിൽ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജോലിയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് നോട്ടിസ് നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ മാനേജ്മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻ മന്ത്രി ആന്റണി രാജു നടത്തിയ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായാണ് പിൻഗാമിയായി എത്തിയ കെ.ബി. ഗണേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന പ്രഖ്യാപനം നടത്തിയ ഗണേശിനെ സിപിഎം ഉൾപ്പെടെ തള്ളി പറഞ്ഞിരുന്നു. മന്ത്രിയുമായി സ്വരചേർച്ചയില്ലാത്തതു കാരണം ഗതാഗത സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്തും മന്ത്രിയും ഓഫിസ് മുറിയിൽ പരസ്യമായി ഏറ്റുമുട്ടിയതും മന്ത്രിസഭയ്ക്ക് തലവേദനയായിരുന്നു.









