കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയിൽ. അക്രമം ആസൂത്രണം ചെയ്ത അഖിൽ ആണ് കസ്റ്റഡിയിലായത്. പാലക്കാടു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സിദ്ധാർത്ഥന്റെ മരണത്തിൽ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ഒരു കാമ്പസിലും ആവർത്തിക്കപ്പെടാൻ പാടില്ലാത്ത തരത്തിൽ ഇടപെടൽ നടത്തേണ്ടതുണ്ട്. ആക്രമണത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഒരാളെയും എസ്എഫ്‌ഐ സംരക്ഷിക്കില്ല. ഈ അക്രമം എസ്എഫ്‌ഐ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പി എം ആർഷോ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കോളജ് യൂണിയൻ ഭാരവാഹികളായ നാലു പേരെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ആന്റി റാഗിങ് സെല്ലിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.
ഒരു കാമ്പസിലും ഉണ്ടാകാൻ പാടില്ലാത്തതായ ആക്രമണമാണ് സിദ്ധാർത്ഥിന് നേരെയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കൂടുതൽ അന്വേഷിക്കും. കൂടുതൽ പ്രവർത്തകർ കുറ്റക്കാരായിട്ടുണ്ടെങ്കിൽ എല്ലാവർക്കെതിരെയും നടപടിയെടുക്കും. ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം എസ്എഫ്‌ഐക്കാരാണെന്ന് കരുതുന്നില്ല. ഇതിന് സംഘടനാ നിറം നൽകേണ്ടതില്ലെന്നും ആർഷോ പറഞ്ഞു.