കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി ഫ്രാൻസിസ് ജോർജ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇടത് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു.
കേരള കോൺഗ്രസുകൾ തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണ രംഗത്തും ജോസ് ജോസഫ് വിഭാഗങ്ങൾ സജീവമാണ്. പ്രമുഖരെ നേരിട്ട് കാണുന്ന തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ ആയതോടെ എൻഡിഎ സ്ഥാനാർത്ഥിയെയും ഉടൻ പ്രഖ്യാപിക്കും. എൻ ഡി എ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി തന്നെ എത്തിയേക്കും.