തിരുവനന്തപുരം: സപ്ലൈകോയിൽ വില കുത്തനെ കൂട്ടിയതോടെ ആവശ്യസാധനങ്ങൾക്ക് പൊതുജനം ഇരട്ടിവില നൽകണം. 37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകേണ്ടിവരും. 44.50 രൂപയാണ് മുളകിന് വർധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി.
പരിപ്പിനും മുളകിനും പുറമെ വില കാര്യമായി വർധിച്ചത് ഉഴുന്നിനാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയിലെത്തി. വൻകടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികൾക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും വർധിച്ചു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് സാധനങ്ങൾക്ക് വില കൂടുന്നത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സാഹചര്യങ്ങള്‍ അനുകൂലമായിരുന്നെങ്കില്‍ ഇതിലും നന്നായി എന്തെങ്കിലും ചെയ്യുമായിരുന്നെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. സഭയോട് അനാദരവ് കാണിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകും. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Read Also: ഡേ കെയറിൽ നിന്നിറങ്ങി രണ്ടര വയസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ, ഒരാളും അറിഞ്ഞില്ല; കേസ്