തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് വിമര്‍ശിച്ച കുഴല്‍നാടന്‍, സ്‌പീക്കറെയും രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറിയെന്ന് അദ്ദേഹം ആരോപിച്ചു.
നിയമസഭയില്‍ അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറി. എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല. ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. സഭയില്‍ പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി നല്‍കേണ്ടി വരും. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര്‍ ഇടപെട്ടതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
‘സിഎംആര്‍എല്ലില്‍ നിന്ന് വീണാ വിജയന്‍ പണം വാങ്ങിയെന്നതിനും അതിന് സര്‍വീസ് ഒന്നും ചെയ്തിട്ടില്ലെന്നതിലും ആര്‍ക്കും സംശയമില്ല. സിഎംആര്‍എല്‍ ഇടപാടില്‍ ഇതുവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് വീണ വിജയനെയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ പ്രതി. സിഎംആര്‍എല്‍ കമ്പനിയുടെ ഏറ്റവും വലിയ വരുമാനം കരിമണലാണ്. 2003-04 കാലഘട്ടത്തില്‍ സിഎംആര്‍എല്ലിന് സര്‍ക്കാര്‍ ലീസ് നല്‍കിയിരുന്നു. കൊല്ലം, ആലപ്പുഴ ഭാഗത്തെ കരിമണലിന് വേണ്ടിയായിരുന്നു ലീസ്. ഈ ലീസിന് 1000 കോടി മൂല്യമുണ്ട്. എന്നാല്‍ 10 ദിവസത്തിന് ശേഷം സ്റ്റേ ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം സിഎംആര്‍എല്‍ ഈ ലീസ് പുനസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വന്ന സര്‍ക്കാരുകളും ഇതിന് അനുമതി നല്‍കിയില്ലെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.