സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നതുമൂലം രാഹുലിന്റെ മോചനം അനിശ്ചിതത്വത്തിലായിരുന്നു. . ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്. രാഹുലിനെ സ്വീകരിക്കാനായി നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.
ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു.
ജാമ്യം നൽകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പിണറായിയുടെ ഭാവം കണ്ടാൽ മുസോളിനിയും ഹിറ്റ്ലറും നാണിച്ചു പോകും. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ ക്രൂരമായ പ്രവർത്തികൾ ചെയ്യുന്ന ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാത്ത സമരപരമ്പരകൾക്ക് കോൺഗ്രസ് ഒരുങ്ങുമെന്നും വ്യക്തമാക്കി. എനിക്ക് ശേഷം ഇനിയൊരു കമ്മ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട എന്നുള്ള വാശിയാണ് പിണറായി വിജയനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.