ന്യൂഡല്‍ഹി: പാർലമെന്റ് അതിക്രമ സമയത്ത് സ്വയം തീകൊളുത്താൻ പ്രതികൾ പദ്ധതി ഇട്ടിരുന്നതായി ഡൽഹി പോലീസ്. ശരീരത്തിൽ പൊള്ളലേക്കാതെ ഇരിക്കാൻ ക്രീം പുരട്ടാനും തീരുമാനിച്ചു. എന്നാൽ ഇത് നടക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. കേസിലെ മുഖ്യ ആസൂത്രകനായ ലളിത് ഝായെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളെ ശനിയാഴ്ചയാണ് പിടികൂടിയത്. മഹേഷിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. അതിക്രമം നടന്ന 13ന് മഹേഷും ഡല്‍ഹിയിലെത്തിയിരുന്നുവെന്നാണ് വിവരം. അതേസമയം ലളിത് ഝാ അടക്കം നേരത്തെ പിടിയിലായ അഞ്ച് പ്രതികളുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്. പ്രതികളെ അവരവരുടെ വീടുകളിലെത്തിച്ച് തെളിവെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളിലൊരാളായ നീലവുമായി പോലീസ് ഹരിയാനയിലേക്ക് പുറപ്പെട്ടുവെന്ന വിവരവുമുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് പാർലമെന്റിൽ അതിക്രമം ഉണ്ടായത്. പിടിയിലായ സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടിയിലായത്.