പുരോഹിതനായി അഭിഷിക്തനായിട്ട് 54 വർഷം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ. 54 വർഷങ്ങൾക്ക് മുൻപ് ആണ് മാർപാപ്പ വൈദികനായി സേവനം ആരംഭിച്ചത്. 1969 ഡിസംബർ 13 ന് തന്റെ 33 മത് ജന്മദിനത്തിന്റെ നാലുദിവസം മുൻപ് അർജൻറീനയിലെ കോർഡോബയിലെ ആർച്ച് ബിഷപ്പ് റാമോൺ ജോസ് കസ്റ്റലാനോയുടെ കയ്യിൽ നിന്നുമാണ് മാർപ്പാപ്പ തിരുപ്പട്ടം സ്വീകരിച്ചത്. ഈശ്വരവിശ്വാസി ആയിരുന്നെങ്കിലും താൻ പുരോഹിതനാകുന്നു എന്ന തീരുമാനത്തെ തൻറെ അമ്മ ആദ്യമേ എതിർത്തിരുന്നു എന്ന് പിതാവ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വൈദികനായി കഴിഞ്ഞപ്പോൾ അമ്മ ഏറെ സന്തോഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
958 മാർച്ച് 11ന് ആണ് അദ്ദേഹം വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചത്. ഹോസെ മരിയോ ബെർഗോളിയോ എന്നാണു മാർപ്പാപ്പയുടെ യഥാർത്ഥ പേര്. ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരൻ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായാണ് 1936ൽ ഡിസംബർ 17ന് ബെർഗോളിയോ ജനിച്ചത്. ചെറുപ്പകാലത്തുണ്ടായ അണുബാധമൂലം അദ്ദേഹത്തിന് ഒരു ശ്വാസകോശം നഷ്ടമായി. സെമിനാരിയിൽ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.
1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു. 1992-ൽ ബ്യൂണസ് അയേഴ്സിന്റെ സഹായമെത്രാനായി അഭിഷിക്തനായ ഫാ. ബെർഗോളിയോ അതേ വർഷം തന്നെ ഓക്കയുടെ ടൈറ്റുലാർ മെത്രാനായും നിയുക്തനായി. 2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. അതോടൊപ്പം വിശുദ്ധ റോബർട്ടോ ബെല്ലാർമിനോ പള്ളിയുടെ കാർഡിനൽ വൈദികന്റെ സ്ഥാനവും അദ്ദേഹത്തിനു നൽകി. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ചിൽ നടന്ന പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു. 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു.