ദില്ലി : കർണാടകയിലെ മൈസൂരിൽ നിന്നും രണ്ടാം തവണയും വിജയിച്ചാണ് യുവമോർച്ച നേതാവായ പ്രതാപ് സിൻഹ എന്ന 47 വയസുകാരൻ ലോക്സഭയിലെത്തിയത്. 2014ൽ 46 ശതമാനം വോട്ടോടെ വിജയിച്ച പ്രതാപ് 2019ൽ വോട്ട് ശതമാനം 52 ശതമാനമായി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയൊരു ആരാധകനാണ് പ്രതാപ് സിൻഹ. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെ ഗുജറാത്തിലെത്തി മോദിയുമായി അടുത്ത ബന്ധം സ്ഥാപിച്ച കർണാടകയിലെ ചുരുക്കം ചില നേതാക്കളിലൊരാളാണ് പ്രതാപ്. 2007ൽ മോദിയുടെ ആത്മകഥ രചിച്ച് ശ്രദ്ധേയനാവുകയും ചെയ്തു. മറ്റ് യുവനേതാക്കളെ വെട്ടി 2014ൽ സ്വദേശമായ മൈസൂർ ലോക്സഭ സീറ്റ് പ്രതാപിന് കിട്ടാനും ഈ ബന്ധം സഹായകരമായി. മൈസൂരിൽ നിന്ന് തന്നെയുള്ള മനോരജ്ഞൻ ഡി എന്ന 35 വയസുകാരനാണ് ലോക്സഭയിലെ സന്ദർശക ഗാലറിയിൽ നിന്നും എം.പിമാരുടെ സീറ്റിലേയ്ക്ക് ആദ്യം എടുത്ത് ചാടിയത്. മൈസൂർ വിവേകാനന്ദ യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്ന ബാഗ്ലൂരിലെ ക്യാമ്പസിൽ നിന്നും എഞ്ചിനിയറിങ്ങ് ബിരുദം നേടിയാളാണ് മനോരജ്ഞൻ. സഭയുടെ നടുത്തളത്തിലിറങ്ങിയ മനോരജ്ഞനാണ് പുക ബോംബ് പൊട്ടിച്ചത്. അതേ സമയത്ത് തന്നെ ഗാലറിയിൽ നിന്നും എടുത്ത് ചാടി സ്പീക്കറുടെ ചേമ്പറിലേയ്ക്ക് കുതിച്ച രണ്ടാമനേയും തിരിച്ചറിഞ്ഞു. സാഗർ ശർമ എന്നാണ് സന്ദർശക ഗാലറിയിൽ നിന്നും ലഭിച്ച ആധാറിലെ പേര്. ഇയാളുടെ സ്വദേശം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവർ രണ്ട് പേരും പാർലമെന്റിനുള്ളിൽ അതിക്രമം നടത്തുമ്പോൾ പുറത്ത് പ്രതിഷേധിച്ച രണ്ട് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
കർണാടകയിൽ പ്രതിഷേധം
മൈസൂർ എം.പി പ്രതാപ് സിൻഹക്കെതിരെ കർണാടകയിൽ വൻ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിക്കെതിരെ രംഗത്ത് എത്തി. കുറ്റക്കാരനായ എം.പിയെ ശിക്ഷിക്കണമെന്ന് സിദ്ധരാമയ്യ ആവിശ്യപ്പെട്ടു.അതേ സമയം പാർലമെന്റ് വിഷയത്തിൽ ഇത് വരെ പ്രതികരിക്കാൻ എം.പി തയ്യാറായിട്ടില്ല. ഇയാളിൽ നിന്നും ബിജെപിയും ലോക്സഭ സെക്രട്ടറിയേറ്റും വിശദീകരണം തേടുമെന്ന് സൂചനയുണ്ട്