കൊല്ലത്ത് തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച് വിദ്യാർത്ഥി. ട്യൂഷന് പോകാൻ മടി കാരണം കള്ള കഥമെനഞ്ഞ വിദ്യാർത്ഥിയെ കൈയോടെ പോലീസ് പിടികൂടി. കൊല്ലം ചവറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പറഞ്ഞ് പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാവിനു സമീപത്തുനിന്ന് രണ്ടുപേർ നടന്നുവന്നെന്നും ഉടൻതന്നെ ഒരു കാർ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പറഞ്ഞത്. വീണ്ടും കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് ട്യൂഷനു പോകാനുള്ള മടികൊണ്ടാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കഥ കുട്ടി പറയുന്നത്. ആരെങ്കിലും നടന്നുവന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ വരുന്നെന്ന് തോന്നിയതാകാമെന്ന അനുമാനത്തിലായിരുന്നു പോലീസ്. ഏതായാലും മണിക്കൂറുകൾ നീണ്ട ആശങ്ക ഒഴിഞ്ഞുപോയ ആശ്വാസത്തിലാണ് പോലീസും നാട്ടുകാരും.