ദില്ലി: 10,896 സേനാ അംഗങ്ങളുടെ കുറവ് നാവികസേനയ്ക്ക് ഉണ്ടെന്ന് പ്രതിരോധ വകുപ്പ് പാർലമെന്റിനെ അറിയിച്ചു. പാർലമെന്റിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്. 1777 ഓഫീസർ, 9119 സെയിലർമാർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഒക്ടോബർ മാസം വരെയുള്ള കണക്കുകളാണ് പ്രതിരോധ വകുപ്പ് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചിരിക്കുന്നത്.
ഡോക്ടർമാർ, ദന്തിസ്റ്റുമാർ തുടങ്ങി വകുപ്പുകൾ മാറ്റി നിറുത്തിയാൽ 11,979 ഓഫീസർമാരാണ് നാവികസേനയുടെ സുഗമമായ നടത്തിപ്പിന് വേണ്ടത്. 76,649 സെയിലർമാരും വേണം. ഇതിലാണ് കുറവ് വന്നത്. 2021ൽ 323 ഓഫീസർമാരെ റിക്രൂട്ട്ചെയ്തു , 2022ൽ 386 പേരെയും തിരഞ്ഞെടുത്ത് നിയമിച്ചു. പ്രതിരോധ ഫണ്ട് കൃത്യമായി ഉപയോഗിക്കാനായി പ്രതിരോധ – ധനമന്ത്രാലയങ്ങൾ സംയുക്തമായി പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നാവികസേനയ്ക്ക് വിമാനം വാങ്ങാനും യുദ്ധകപ്പലുകൾ വാങ്ങാനും അനുവദിക്കുന്ന തുക ഉപയോഗിക്കാതെ പോകുന്നതായി പരാതിയുണ്ട്.