ദില്ലി : ഹമാസിന്റെ തീവ്രവാദബന്ധം സംബന്ധിച്ച് കെ.പി.സി.സി അദ്ധ്യക്ഷനും കണ്ണൂർ എം.പിയുമായി കെ.സുധാകരൻ ഉന്നയിച്ച ചോദ്യത്തിൽ കുരുങ്ങി നിൽക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷിലേഖി. സുധാകരൻ ലോക്സഭാ സെക്രട്ടറിയേറ്റിന് എഴുതി നൽകി ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നത് മീനാക്ഷി ലേഖിയാണ്. എന്നാൽ അങ്ങനെയൊരു ചോദ്യമോ ഉത്തരമോ താൻ കണ്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അവർ ട്വീറ്റർ പോസിറ്റിലൂടെ ആവിശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനം തീരുമാനിച്ച് കഴിഞ്ഞാൽ അംഗങ്ങൾക്ക് ചോദ്യം രേഖാമൂലം ചോദിക്കാനുള്ള അവസരം ഉണ്ട്. ലോക്സഭാ അംഗങ്ങൾ ലോക്സഭാ സെക്രട്ടറിയേറ്റിനാണ് ചോദ്യങ്ങൾ കൈമാറുക. ബന്ധപ്പെട്ട വകുപ്പുകൾക്കും അതാത് മന്ത്രിമാർക്കും ചോദ്യം ലോക്സഭാ സെക്രട്ടറിയേറ്റ് കൈമാറും. തുടർന്ന് അവർ നൽകുന്ന മറുപടി അച്ചടിച്ച് എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യുന്നതാണ് ചട്ടം. ഇത് പ്രകാരം കണ്ണൂർ എം.പി കെ.സുധാകരൻ വിദേശകാര്യ വകുപ്പിനോട് ഉന്നയിച്ച ചോദ്യവും അതിന് ലഭിച്ച ഉത്തരവുമാണ് വലിയ വിവാദമായിരിക്കുന്നത്.
രണ്ട് ചോദ്യങ്ങളാണ് സുധാകരൻ വിദേശകാര്യമന്ത്രാലയത്തോട് ചോദിച്ചത്.
1.ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ എന്തെങ്കിലും നിർദേശം ലഭിച്ചിട്ടുണ്ടോ ?
2. തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഇസ്രയേൽ സർക്കാർ ആവിശ്യപ്പെട്ടിട്ടുണ്ടോ ?
രണ്ട് ചോദ്യങ്ങൾക്കും ഒരുമിച്ച് ഉത്തരം നൽകിയിരിക്കുന്നത് വിദേശകാര്യസഹമന്ത്രി . ഇത് ലോക്സഭ വെബ്സൈറ്റിലും വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഉത്തരം ഇങ്ങനെ : “ഒരു സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരും, ഏതെങ്കിലും സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കും.”
സാധാരണ ഇത്തരം ചോദ്യങ്ങളോട് പ്രതികരണം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയം മറുപടി നൽകാറുള്ളത്. പകരം മറ്റൊരു വകുപ്പിലേയ്ക്ക് ഉത്തരവാദിത്വം കൈമാറുകയാണ് ചെയ്തിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്ഥമായ ഉത്തരത്തിന്റെ ചിത്രം ഒരു മാധ്യമ പ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് റീ പോസ്റ്റ് ചെയ്ത മന്ത്രി മീനാക്ഷി ലേഖിയുടെ മറുപടിയാണ് ഞെട്ടിച്ചത്.
ഇത്തരമൊരു ചോദ്യമോ ഉത്തരമോ നൽകിയിട്ടില്ല. ഉത്തരത്തിന് താഴെ ഒപ്പിട്ടില്ല എന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരെ ടാഗ് ചെയ്താണ് പോസ്റ്റിട്ടിരിക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാരനെ പുറത്ത് കൊണ്ട് വരണമെന്നും അവർ മറ്റൊരു പോസ്റ്റിലൂടെ ആവിശ്യപ്പെട്ടു.
പാർലമെന്റിൽ ചോദ്യം ഉന്നയിച്ചതിൽ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് ഇന്നലെയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള എം.പി മെഹുവ മൊയ്ത്രയെ പുറത്താക്കിയത്. അപ്പോഴാണ് മന്ത്രി അറിയാതെ ഉത്തരം നൽകിയിരിക്കുന്നതെന്ന ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. ഇത് ഗൗരവമുളള സുരക്ഷാ വീഴ്ച്ചയെന്ന് ശിവസേന വക്താവും പാർലമെന്റിലെ ഡപ്യൂട്ടി ലീഡറുമായ പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.
ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ സർക്കാർ ഇന്ത്യയോട് ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ആക്രമണത്തെ ഇന്ത്യ അപലബിച്ചെങ്കിലും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവിശ്യത്തോട് പ്രതികരിച്ചിട്ടില്ല.