പിഷാരടിക്കെതിരെ പരാമർശം; വിശദീകരണവുമായി അഖിൽ മാരാർ, തോമസ് ഐസക്കിനെയും വിമർശിച്ച് ട്വന്റി 20 സ്ഥാനാർഥി
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായ നടൻ രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ രംഗത്ത്. താൻ പറഞ്ഞത് സ്വാഭാവിക പ്രതികരണമാണെന്ന് മാരാർ പറഞ്ഞു.
താൻ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ സ്വാഭാവികമായി പറഞ്ഞുപോയ വാക്കുകളാണെന്നാണ് മാരാറിന്റെ വിശദീകരണം.
“ഇന്നേവരെ ലാഭം നോക്കി ജീവിച്ച പിഷാരടി ഇപ്പോൾ ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്” എന്നായിരുന്നു മാരാർ നടത്തിയ പരാമർശം. ഇത് വലിയ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
അതേസമയം, മുൻ മന്ത്രി തോമസ് ഐസക്ക് നടത്തിയ ‘കോമാളി’ പരാമർശത്തെയും മാരാർ വിമർശിച്ചു. മറ്റു രാഷ്ട്രീയക്കാരെ ഏറ്റവും കൂടുതൽ പരിഹസിക്കുന്നവർ സിപിഎമ്മുകാരാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പലരെയും പരിഹസിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ ആരെയും നേരിട്ട് നേരിടാൻ കഴിയാത്ത സാഹചര്യം വന്നതിനാലാണ് പരിഹാസത്തിലേക്ക് സിപിഎം മാറുന്നതെന്നും മാരാർ കൂട്ടിച്ചേർത്തു. തൃക്കാക്കരയിലെ ജനപ്രതിനിധി തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തെ അവഗണിച്ചുവെന്ന പൊതുജനങ്ങളുടെ വിമർശനവും അദ്ദേഹം ഉന്നയിച്ചു.
സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സമയം എത്തിയിരിക്കുകയാണെന്നും, വോട്ടർമാർ ആലോചിച്ച് തീരുമാനമെടുക്കണമെന്നും അഖിൽ മാരാർ ആവശ്യപ്പെട്ടു.
English Summary
Twenty20 candidate Akhil Marar responded to his controversial remarks against Congress candidate and actor Ramesh Pisharody, calling them a spontaneous reaction. He also criticized CPM leaders, including Thomas Isaac, amid ongoing political exchanges ahead of elections.









