ഇന്ത്യയുടെ പേരുകേട്ട നിര ബംഗ്ലാദേശിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കഥയുണ്ട്. നാണംകെട്ട തോൽവി ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയും ചെയ്തു. 2007ലെ ലോകകപ്പിലായിരുന്നു സംഭവം. സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗുമായിരുന്നു ഓപ്പണര്‍മാര്‍. രണ്ട് പേരും ലോക ക്രിക്കറ്റില്‍ ഗംഭീര റെക്കോർഡുള്ള ഓപ്പണര്‍മാരാണ്. പക്ഷെ ഇരുവർക്കും തിളങ്ങാനായില്ലെന്നത് നിർഭാഗ്യകരം. മത്സരത്തില്‍ സെവാഗ് 2 റണ്‍സെടുത്ത് പുറത്തായി. ഗാംഗുലി നേടിയതോ 129 പന്തിൽ 66 റണ്‍സ്. ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ നഷ്ടമായത് ലോകകപ്പെന്ന സ്വപ്നം മാത്രമായിരുന്നില്ല, ആദ്യ റൗണ്ടില്‍ പുറത്താകുക എന്ന നാണക്കേട് കൂടിയാണ്.
റോബിന്‍ ഉത്തപ്പയായിരുന്നു മൂന്നാം നമ്പറിൽ ഇറങ്ങിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന ഉത്തപ്പ 9 റണ്‍സാണ് നേടിയത്. ഇപ്പോള്‍ അവതാരകനായി ഉത്തപ്പ പ്രവര്‍ത്തിക്കുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാം നമ്പറിലാണ് കളിച്ചത്. സച്ചിനെ മധ്യനിരയില്‍ കളിപ്പിക്കുകയെന്ന പരിശീലകന്‍ ഗ്രേഗ് ചാപ്പലിന്റെ മണ്ടന്‍ തീരുമാനമാണ് അന്ന് തിരിച്ചടിയായത്. വെറും 7 റണ്‍സാണ് സച്ചിന് നേടാനായത്. അഞ്ചാം നമ്പറില്‍ ടീമിന്റെ നായകൻ രാഹുല്‍ ദ്രാവിഡായിരുന്നു. 14 റണ്‍സാണ് ദ്രാവിഡ് അന്ന് നേടിയത്. വർഷങ്ങൾക്കിപ്പുറം ഏഷ്യാ കപ്പിലും സമാന സംഭവം ഉണ്ടായി. ഇന്ത്യ കിരീടം നേടിയെങ്കിലും സൂപ്പര്‍ ഫോറില്‍ തോറ്റത് ബംഗ്ലദേശിനെതിരെ മാത്രമായിരുന്നു. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഏകദിന പരമ്പരയിലും ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്നത്തെ മത്സരം, അത് ഇന്ത്യയെ സംബന്ധിച്ച് അനായാസേന ജയിക്കാമെന്ന വിശ്വാസത്തിലാണ് ടീമും ആരാധകരും. എതിരാളികളായ ബംഗ്ലാദേശിന്റെ സമീപകാല റെക്കോർഡുകൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്നത് തന്നെയാണ് അതിനു കാരണം. നാലാം ജയം നിശ്ചയിച്ച് ഇന്ത്യ ഇറങ്ങുമ്പോൾ ബംഗ്ലാദേശിന് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അവർക്ക് ജയിച്ചേ മതിയാകൂ. മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബംഗ്ലാദേശ് നിലവില്‍ ആറാം സ്ഥാനത്താണ്. അഫ്ഗാനെതിരെ ജയ തുടക്കം ലഭിച്ച ബംഗ്ലാദേശിന് പക്ഷെ, ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം നായകൻ ഷാക്കിബ് അൽ ഹസന്റെ പരിക്ക് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഇടതു കാല്‍ക്കുഴയ്ക്കു പരിക്കേറ്റ താരം ഇന്ന് ടീമിൽ ഉൾപ്പെടുമോ എന്നത് തീരുമാനമായിട്ടില്ല.
അതേസമയം ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകില്ലെന്നാണ് ബൗളിങ് കോച്ച് പരസ് മാംബ്രെ അറിയിച്ചത്. നേരത്തെ ഇലവനില്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനു പകരം രവിചന്ദ്രന്‍ അശ്വിന്‍ ഇടംനേടുമെന്ന റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ കോച്ചിന്റെ പ്രതികരണത്തോടെ ഷമിയും രവിചന്ദ്രന്‍ അശ്വിനും കാത്തിരിക്കേണ്ടി വരും. മികച്ച ഫോമിലുള്ള ബാറ്റിങ് നിരയില്‍ ആശങ്കകളില്ല. അസുഖം മാറി കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ പഴയ ഫോമിലെത്തിയാൽ ആശങ്കകൾ കാറ്റിൽ പറത്താം. നായകൻ രോഹിത്തും മികച്ച ഫോമിൽ തന്നെ. എന്നാൽ ലോകകപ്പിൽ അട്ടിമറി വിജയങ്ങൾക്കാണ് കുറച്ചു ദിവസമായി ആരാധകർ സാക്ഷ്യം വഹിച്ചത്. അതിനാൽ അമിതാവേശം നല്ലതല്ല. പുനെയിലെ എംസിഎ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഇന്ത്യ- ബംഗ്ലാദേശ് മത്സരം. എന്നാൽ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരുന്നു. മഴയത്താണ് ഇരുടീമുകളും പരിശീലനം നടത്തിയത്.