ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള സ്വതന്ത്രവ്യാപാര കരാറിൽ (FTA) ഇരു കക്ഷികളും ഔദ്യോഗികമായി ഒപ്പുവച്ചു.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഉടമ്പടിയെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
കരാർ എണ്ണ–വാതക മേഖലയടക്കമുള്ള വിവിധ മേഖലകൾക്ക് വൻ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 25 ശതമാനവും, ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഈ കരാർ പ്രതിനിധാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനുമായുള്ള ഈ കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നുകൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ ഇന്ത്യ–യൂറോപ്യൻ യൂണിയൻ ബന്ധത്തിൽ വ്യാപാരത്തിന് പുറമേ പ്രതിരോധ രംഗത്തെ തന്ത്രപരമായ സഹകരണത്തിനും ഊന്നൽ നൽകുന്നു.
ഇന്ത്യയുടെ വസ്ത്രവ്യാപാരം, രത്ന–ആഭരണ മേഖല, തുകൽ ഉൽപ്പന്നങ്ങൾ, കൈത്തറി, കൃഷി അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഈ കരാർ വലിയ വളർച്ചാ സാധ്യത നൽകുമെന്നാണ് വിലയിരുത്തൽ.
ടെക്‌സ്റ്റൈൽസ്, ലെതർ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്കുള്ള നികുതികൾ ഗണ്യമായി കുറയുമെന്നാണ് കരാർ വ്യവസ്ഥകൾ സൂചിപ്പിക്കുന്നത്.
വിദേശ കാറുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഇളവുകൾ ലഭിക്കുന്നതോടെ ഇന്ത്യൻ വിപണിയിലും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.
ഇതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും മത്സരാധിഷ്ഠിത വിലയും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കരാറിനെ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ഉടമ്പടിയെന്ന നിലയിൽ വിശേഷിപ്പിച്ചത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
കരാറിൽ അന്തിമ ധാരണയായതായി തിങ്കളാഴ്ച രാത്രി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യുഎസ് ഏർപ്പെടുത്തിയ വ്യാപാര ഉപരോധങ്ങളും നിയന്ത്രണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനുമായി ഇന്ത്യ കൈകോർക്കുന്നത് രാജ്യത്തിന് പുതിയ ആഗോള വിപണികൾ തുറക്കുമെന്നാണ് വിലയിരുത്തൽ.
ഇതിലൂടെ യൂറോപ്പിലെ 27 രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വൻതോതിൽ വർധിക്കാനിടയുണ്ടെന്നാണ് പ്രതീക്ഷ.
പ്രത്യേകിച്ച് എണ്ണ ശുദ്ധീകരണ മേഖലയിലെ സഹകരണത്തിലൂടെ ഇന്ത്യ ആഗോള തലത്തിൽ ശക്തമായ നിലപാട് കൈവരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കരാറിന്റെ വിശദമായ വ്യവസ്ഥകൾ സർക്കാർ ഇന്ന് നടത്തുന്ന വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് അറിയിച്ചു.









