മണ്ണിനടിയിൽ കടലിന്റെ അവശിഷ്ടങ്ങൾ; എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളവ; അമ്പരന്ന് ശാസ്ത്രലോകം
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തരുവൈക്കുഴത്തിനടുത്തുള്ള പനയൂർ ഗ്രാമത്തിൽ മണ്ണിനടിയിൽ നിന്ന് കടലുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ കണ്ടെത്തി.
കടൽ ഷെല്ലുകളും വിവിധ കടൽജീവികളുടെ ഫോസിലുകളുമാണ് കണ്ടെത്തിയതെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.
ഈ കണ്ടെത്തൽ പുരാവസ്തു ഗവേഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഗവേഷകരെ പോലെ തന്നെ പ്രദേശവാസികളെയും സംഭവം അത്ഭുതപ്പെടുത്തി.
കൃഷിക്കായി ഭൂമി ഒരുക്കുന്നതിനിടെയാണ് നാട്ടുകാർക്ക് അപൂർവമായ ഷെല്ലുകളും മറ്റ് അവശിഷ്ടങ്ങളും ലഭിച്ചത്.
തുടർന്ന് ഇവർ അധികൃതരെ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ പുരാവസ്തു ഗവേഷകർ വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തു. കണ്ടെത്തിയ വസ്തുക്കൾ നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണെന്ന് പ്രാഥമിക പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
നിലവിൽ കടലിൽ നിന്ന് നിരവധി കിലോമീറ്റർ അകലെയായാണ് പനയൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എന്നാൽ പുരാതന കാലത്ത് ഈ പ്രദേശം തീരദേശമേഖലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന സൂചനകളാണ് കണ്ടെത്തൽ നൽകുന്നതെന്ന് ഗവേഷകർ പറയുന്നു.
ഒരുകാലത്ത് ഈ പ്രദേശം തീരദേശത്തിന്റെ ഭാഗമായിരുന്നുവെന്ന് ഫോസിലുകൾ വ്യക്തമാക്കുന്നതായി പുരാവസ്തു ഗവേഷകനായ രാജേഷ് സെൽവരതി പറഞ്ഞു.
പാണ്ഡ്യകാലഘട്ടത്തിൽ മുത്ത് വ്യാപാരത്തിന് പ്രശസ്തമായിരുന്ന പുരാതന തുറമുഖ നഗരമായ കോർക്കൈ പനയൂരിന് സമീപത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ഈ മേഖലയിൽ മുത്തുച്ചിപ്പി കൃഷി നടന്നിരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
കണ്ടെത്തലിനെക്കുറിച്ച് കൂടുതൽ വ്യക്തത നേടുന്നതിനായി വിശദമായ പഠനങ്ങൾ തുടരുമെന്നും, കാലക്രമേണ ഉണ്ടായ സമുദ്രാതിർത്തി മാറ്റങ്ങൾ മനസിലാക്കാൻ ഈ ഗവേഷണം സഹായകരമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
English Summary:
Marine fossils, including sea shells and remains of sea organisms, were discovered underground in Panayur village of Thoothukudi district, Tamil Nadu. The finding suggests that the area, now far from the coast, was once part of a coastal region, possibly linked to the ancient Pandya-era port city of Korkai.
marine-fossils-found-panayur-thoothukudi
Tamil Nadu, Thoothukudi, Archaeology, Marine Fossils, Ancient Coastline, Pandya Period









