ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത് പന്തളം കൊട്ടാരം മാത്രം
പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അശ്രദ്ധ ഉണ്ടായാൽ ബന്ധപ്പെട്ട എല്ലാവർക്കും അപായവും മാനഹാനിയും ജയിൽവാസവും വരെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയ ദേവപ്രശ്നത്തിലെ പരിഹാരകർമ്മങ്ങൾ പന്തളം കൊട്ടാരം മാത്രമാണ് കൃത്യമായി അനുഷ്ഠിച്ചതെന്ന് വെളിപ്പെടുത്തൽ.
2014 ജൂൺ 18ന് കോഴിക്കോട് ചെറുവള്ളി നാരായണൻ നമ്പൂതിരി, കുറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിലാണ് ഗുരുതര പ്രത്യാഘാതങ്ങൾ പ്രവചിക്കപ്പെട്ടത്. ഈ പ്രശ്നവിധിയുടെ അടിസ്ഥാനത്തിൽ 2017ൽ കൊടിമരം മാറ്റി പുതിയത് പ്രതിഷ്ഠിച്ചിരുന്നു.
പതിനെട്ടാംപടിയുടെ അളവിലും സ്ഥാനത്തും മാറ്റം വരുത്തരുതെന്നും, കയറ്റത്തിനായി കൈവരി സ്ഥാപിക്കാമെന്നും, ഭസ്മക്കുളം മാറ്റരുതെന്നും ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദേവസ്വം ബോർഡിന്റെ കാലത്ത് ദേവപ്രശ്നം നടത്താതെയാണ് ഭസ്മക്കുളം കൊപ്രാക്കളത്തിന് സമീപം പുനർനിർമ്മിക്കാൻ നീക്കം നടന്നത്.
സന്നിധാനം ജ്യോതിർ നഗറിൽ പുതിയ ഗണപതി പ്രതിഷ്ഠ നടത്താനും തീരുമാനിച്ചിരുന്നു. കോടതിയുടെ ഇടപെടലാണ് ഈ നീക്കങ്ങൾ തടഞ്ഞത്.
മകരവിളക്കിനോടനുബന്ധിച്ച് ആനയെഴുന്നെള്ളത്ത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഒഴിവാക്കിയ ആചാരങ്ങൾ പുനഃസ്ഥാപിക്കണമെന്ന നിർദ്ദേശങ്ങൾ പല ദേവപ്രശ്ന ചിന്തകളിലും ഉണ്ടായിരുന്നെങ്കിലും അവ നടപ്പിലാക്കിയിട്ടില്ല.
ദേവപ്രശ്നത്തിന് ശേഷം പരിഹാരകർമ്മങ്ങൾ നടത്തുന്നതിനായി ബന്ധപ്പെട്ട ഓരോ വിഭാഗത്തിനും പ്രത്യേകം ചാർത്ത് കൈമാറുന്ന പതിവുണ്ട്.
ഇതനുസരിച്ച് പന്തളം കൊട്ടാരം 2014ലും 2018ലും അതിന് മുമ്പും വിളിച്ചു ചൊല്ലിയ പ്രായശ്ചിത്തം, പിടിപ്പണം, ഗുരുവായൂർ ഉൾപ്പെടെയുള്ള മഹാക്ഷേത്ര ദർശനം തുടങ്ങിയ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കിയതായി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ശബരിമലയിൽ പുതുതായി ദേവപ്രശ്നം നടത്തേണ്ടതുണ്ടെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി മുൻ സെക്രട്ടറിയും രാജപ്രതിനിധിയുമായ പി.എൻ. നാരായണ വർമ്മ ആവശ്യപ്പെട്ടു.
English Summary:
A 2014 Deva Prashnam (astrological ritual) at Sabarimala had warned of danger, disgrace, and even imprisonment if temple-related duties were neglected. It is now revealed that only the Pandalam Royal Family carried out the prescribed remedial rituals. Several recommendations from the Deva Prashnam were either partially implemented or ignored, prompting a renewed demand from the Pandalam Palace for conducting a fresh Deva Prashnam under the current circumstances.
sabarimala-deva-prashnam-pandalam-palace-remedial-rituals
Sabarimala, Deva Prashnam, Pandalam Palace, temple rituals, Travancore Devaswom Board, Hindu traditions, Kerala temples









