നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല
കൊല്ലം: നാട്ടുമാങ്ങയുടെ രുചി തേടി കാത്തിരിക്കുന്നവർക്ക് ഇത്തവണ യഥാർത്ഥ ഉത്സവകാലമാണ്.
കേരളത്തിലെ പറമ്പുകളിലും വഴിയോരങ്ങളിലും നാട്ടുമാവുകൾ ഇലകൾ മറഞ്ഞുപോകും വിധം പൂങ്കുലകൾ കൊണ്ട് നിറഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം മാമ്പഴ ലഭ്യത ഗണ്യമായി വർധിക്കുമെന്നാണ് കൃഷിവകുപ്പ് വിലയിരുത്തൽ.
സമൃദ്ധമായ പൂവിടലിന് പിന്നിൽ വ്യക്തമായ കൃഷിശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
നാട്ടുമാവുകൾ സാധാരണയായി ഒന്നിടവിട്ട വർഷങ്ങളിലാണ് കൂടുതൽ പൂക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി മാങ്ങയുടെ ലഭ്യത കുറവായതിനാൽ മാവുകളിൽ നൈട്രജനും അന്നജവും കൂടുതൽ ശേഖരിക്കപ്പെടുകയും അതാണ് ഇത്തവണത്തെ വ്യാപകമായ പൂവിടലിന് കാരണമാവുകയും ചെയ്തത്.
മകരമാസത്തിലെ കനത്ത തണുപ്പിനുശേഷമാണ് മാവുകൾ കൂട്ടത്തോടെ പൂത്തുതുടങ്ങിയത്.
മാവുകൾ പൂത്തുതുടങ്ങിയതിന് ശേഷം മാങ്ങകൾ പൂർണമായും മൂപ്പെത്താൻ ഏകദേശം 90 മുതൽ 100 ദിവസം വരെ വേണ്ടിവരും.
ഡിസംബർ–ജനുവരി മാസങ്ങളിൽ പൂക്കുന്ന മാവുകൾ മാർച്ചോടെ കണ്ണിമാങ്ങയായി മാറുകയും ഏപ്രിൽ മാസത്തോടെ വിളവെടുപ്പിന് തയ്യാറാകുകയും ചെയ്യും. പാലക്കാട് ജില്ലയിലെ മുതലമടയാണ് കേരളത്തിലെ മാമ്പഴ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രം.
വിഷം കലർന്ന മറുനാടൻ മാമ്പഴങ്ങൾക്ക് മറുപടിയായാണ് ഇത്തവണ നാട്ടുമാവുകളുടെ ഈ സമൃദ്ധി. മൂവാണ്ടൻ, കിളിച്ചുണ്ടൻ, കപ്പമാങ്ങ, കസ്തൂരിമാങ്ങ, കർപ്പൂരവരിക്ക തുടങ്ങിയ നാടൻ ഇനങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ചില പ്രദേശങ്ങളിൽ പുളിയൻമാങ്ങ, താളിമാങ്ങ എന്നിവയും ലഭ്യമാണ്.
മാവിനങ്ങളുടെ പേരുകൾക്കു പിന്നിലും ചരിത്രമുണ്ട്. മാങ്ങയുടെ സംസ്കൃതനാമമായ ‘അമൃഫലം’ ഹിന്ദിയിൽ ‘ആംഫൽ’ ആയി മാറി. തമിഴിൽ ‘ആംകായ്’, പിന്നീട് ‘മാങ്കായ്’ എന്ന രൂപത്തിലേക്ക് എത്തിയ ഈ വാക്കിൽ നിന്നാണ് ഇംഗ്ലീഷിലെ ‘മാംഗോ’ എന്ന പേര് രൂപപ്പെട്ടതെന്നാണ് ഭാഷാപണ്ഡിതരുടെ അഭിപ്രായം.
English Summary
Kerala is witnessing an exceptional flowering season of native mango trees, raising hopes for a bumper mango harvest this year. Favorable climatic conditions and nutrient accumulation in trees over previous low-yield years have led to abundant blossoms. Traditional varieties like Moovandan, Kilichundan, and Kappamanga dominate the season, with harvesting expected from April onwards. Palakkad’s Muthalamada remains the state’s key mango-producing region.
kerala-native-mango-trees-heavy-flowering-bumper-harvest-expected
Kerala mango, native mango varieties, mango flowering, mango harvest, agriculture news, Kerala farming, summer fruits, Muthalamada mango, local mangoes









