വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ അശ്ലീല സന്ദേശം പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റം; ഹൈക്കോടതി
കൊച്ചി ∙ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നിയമപരമായി പൊതു സ്ഥലമായി കണക്കാക്കാവുന്നതാണെന്നും, അത്തരം ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്താൽ ക്രിമിനൽ കുറ്റം ചുമത്തപ്പെടാൻ സാധ്യതയുണ്ടെന്നും കേരള ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തി.
വാട്‌സ്ആപ്പ് ഉപയോഗം വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഈ നിരീക്ഷണം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
വ്യക്തികൾ തമ്മിൽ നേരിട്ട് കൈമാറുന്ന സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സ്വകാര്യ ആശയവിനിമയമായി കണക്കാക്കാമെങ്കിലും, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾക്ക് ഈ സ്വകാര്യത ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും സന്ദേശം കാണാൻ കഴിയുന്നതിനാൽ, അത് വ്യക്തിഗത ആശയവിനിമയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ശ്യാം കുമാർ വി.എം. പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ഈ നിർണായക നിരീക്ഷണം ഉൾപ്പെടുത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒരു പൊതുസ്ഥലത്ത് അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് തുല്യമാണെന്നതാണ് കോടതിയുടെ വിലയിരുത്തൽ.
ഗ്രൂപ്പ് ക്ലോസ്‌ഡ് ആണോ, അംഗങ്ങളുടെ എണ്ണം കുറവാണോ എന്നതൊന്നും ഈ വിഷയത്തിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി.
“വ്യക്തിഗത അക്കൗണ്ടിലൂടെ അയക്കുന്ന സന്ദേശങ്ങൾ വാട്‌സ്ആപ്പ് പൊതുസ്ഥലമല്ല. എന്നാൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ എല്ലാ അംഗങ്ങൾക്കും ലഭിക്കുന്നതിനാൽ അവ സ്വകാര്യമായി കണക്കാക്കാനാകില്ല” എന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം.
വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ പൊതു സ്ഥലമല്ലെന്ന വാദം കോടതി വ്യക്തമായി തള്ളുകയും ചെയ്തു. 2019-ൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസാണ് ഈ വിധിക്ക് ആധാരമായത്.
ഒരു സ്വകാര്യ കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ, മുൻ ജീവനക്കാരന്റെ പേര് എടുത്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തെന്ന പരാതിയായിരുന്നു കേസ്.
ഇതിനെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ, കേസിലെ പ്രതിഭാഗം എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
വാട്‌സ്ആപ്പ് ഗ്രൂപ്പ് പൊതുസ്ഥലമല്ലെന്നും, ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരില്ലെന്നും പ്രതിഭാഗം വാദിച്ചു. പൊതുജനങ്ങൾക്ക് അസഹനം ഉണ്ടാക്കുന്ന തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, കേസ് പരിഗണിച്ച ഹൈക്കോടതി ഐപിസി 294(b), 509 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വിലയിരുത്തി കേസ് തള്ളുകയായിരുന്നു.
അതേസമയം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഉള്ളടക്കങ്ങൾക്ക് നിയമപരമായ ഉത്തരവാദിത്വമുണ്ടെന്ന കാര്യത്തിൽ കോടതിയുടെ നിരീക്ഷണം ഭാവിയിൽ നിർണായകമായേക്കുമെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.









