ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ
ആലപ്പുഴ: സംസ്ഥാന പൊലീസ് സേനയുടെ അഭിമാനമായ അശ്വാരൂഢ സേനയിൽ ഇനി ഇന്ത്യൻ കുതിരകൾക്കു പകരം ബ്രിട്ടീഷ് വംശജന്യ കുതിരകൾക്ക് പ്രാധാന്യം.
തൊറോബ്രഡ് (Thoroughbred) ഇനത്തിൽപ്പെട്ട അഞ്ചു കുതിരകളെയാണ് ഉത്തർപ്രദേശിലെ മിലിട്ടറി ക്യാമ്പിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുക.
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ കുതിരപ്പന്തയത്തിനായി വികസിപ്പിച്ചെടുത്ത ഈ ഇനം കരുത്തും വേഗതയും കായികക്ഷമതയും കൊണ്ട് ഇന്ത്യൻ കുതിരകളെക്കാൾ മുന്നിലാണ്.
മാസങ്ങൾക്കു മുമ്പ് ഇന്ത്യൻ ആർമിയുടെ റീമൗണ്ട് വെറ്ററിനറി സർവീസിൽ നിന്ന് എത്തിച്ച ടിപ്പു, നിലിയ, കബനി എന്നീ കുതിരകൾ മികച്ച പെരുമാറ്റവും ശാസനയും പ്രകടിപ്പിച്ചതോടെയാണ് അവശനിലയിലുള്ള കുതിരകൾക്ക് പകരം പുതിയ അഞ്ചു തൊറോബ്രഡ് കുതിരകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്.
ഇതിനായി ധനവകുപ്പ് 42 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സൈനിക ക്യാമ്പിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ പ്രത്യേക ട്രക്കിൽ കുതിരകളെ തലസ്ഥാനത്തെത്തിക്കും.
1961ൽ രൂപീകരിക്കപ്പെട്ടതും 1981 മുതൽ കേരള പൊലീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നതുമായ തലസ്ഥാനത്തെ മൗണ്ടഡ് പൊലീസിന് നിലവിൽ 25 കുതിരകളുണ്ട്.
ഇതിൽ പകുതിയിലേറെയും പ്രായവും രോഗങ്ങളും കാരണം സേവനക്ഷമമല്ല. ഇപ്പോൾ 14 കുതിരകളാണ് സജീവ സേവനത്തിലുള്ളത്.
രാജസ്ഥാൻ അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ക്ലബ്ബുകളിലും കുതിരയോട്ടക്കാരിലും നിന്ന് വാങ്ങിയ ഇന്ത്യൻ ബ്രീഡ് കുതിരകളാണ് ഇവ.
തൊറോബ്രഡ് കുതിരകളുടെ പ്രത്യേകതകൾ:
സൈനിക ക്യാമ്പുകളിൽ പരിശീലനം ലഭിച്ചവയായതിനാൽ അധിക ട്രൂപ്പർ പരിശീലനം ആവശ്യമില്ല
മനുഷ്യരുമായി ഇടപഴകാൻ പരിചിതവും ആഹാര-വ്യായാമ ക്രമങ്ങളിൽ ചിട്ടയുള്ളതുമായതിനാൽ പരിപാലനം എളുപ്പം
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിന പരേഡുകൾ, സർക്കാർ ഘോഷയാത്രകൾ, പട്രോളിംഗ്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട, നവരാത്രി ഘോഷയാത്രകൾ തുടങ്ങിയവയിൽ കുതിരപ്പൊലീസ് അനിവാര്യമാണ്
മുൻപ് പരിശീലനം നൽകിയിട്ടും ചില ഇന്ത്യൻ കുതിരകൾ ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടിയിരുന്നത് പൊലീസ് സേനയ്ക്ക് വെല്ലുവിളിയായിരുന്നു
English Summary
The Kerala Police Mounted Police will soon induct five British Thoroughbred horses, replacing ageing Indian-breed horses. These horses will be brought from a military camp in Uttar Pradesh. Known for their strength, speed, and discipline, Thoroughbreds were originally developed in England for horse racing. The state government has sanctioned ₹42 lakh for the purchase. Trained in military camps, these horses require minimal additional training and are easier to maintain. The move is aimed at strengthening mounted police duties during parades, patrols, and major temple festivals.
kerala-police-mounted-force-british-thoroughbred-horses
Kerala Police, Mounted Police, Thoroughbred horses, Police modernisation, Horse squad, Kerala news









