എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്
ദുബായ്: ഈ വർഷം അവസാനത്തോടെ ദുബായിൽ എയർ ടാക്‌സികൾ പൊതുജന സേവനത്തിനായി രംഗത്തിറങ്ങുമെന്നും, ഈ വർഷം തുടക്കത്തിൽ തന്നെ ഡ്രൈവറില്ലാ ടാക്‌സികൾ പ്രവർത്തനം ആരംഭിക്കുമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.
ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വപ്നങ്ങളിൽനിന്ന് യാഥാർഥ്യത്തിലേക്ക് ദുബായ് അതിവേഗം മുന്നേറുകയാണെന്ന് അൽ തായർ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപാണ് എയർ ടാക്‌സികൾ എന്ന ആശയം ദുബായ് മുന്നോട്ടുവെച്ചത്. അന്ന് അത് ഒരു ഭാവിസ്വപ്നമായിരുന്നുവെങ്കിൽ, ഇന്ന് അതു യാഥാർഥ്യമാകുന്ന ഘട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്.
ദുബായ് പ്രഖ്യാപിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്ന നഗരമാണെന്നും, ഭാവി പദ്ധതികളെ അത്യന്തം ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ അടിസ്ഥാനത്തിലുള്ള എയർ ടാക്‌സി സർവീസിനായി ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
എയർ ടാക്‌സികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്കൈപോർട്ടുകൾ ഉൾപ്പെടെ നിർണായക സംവിധാനങ്ങൾ ഉടൻ പ്രവർത്തനക്ഷമമാകും.
എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്
ലോക ഗവൺമെന്റ് ഉച്ചകോടി പോലുള്ള അന്താരാഷ്ട്ര വേദികളിൽ ആഗോള വിദഗ്ധരുമായി നടത്തിയ വിശദമായ ചർച്ചകളിലൂടെയാണ് ഈ പദ്ധതികൾ കൂടുതൽ മിനുക്കിയതെന്നും അൽ തായർ പറഞ്ഞു.
നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്ന, ഒരു പ്രീമിയം ഗതാഗത ഓപ്ഷനായിരിക്കും എയർ ടാക്‌സികൾ.
അതേസമയം, ഡ്രൈവറില്ലാ ടാക്‌സികൾ ഈ വർഷം ആദ്യ പാദത്തിൽ തന്നെ റോഡിലിറങ്ങുമെന്നാണ് ആർടിഎയുടെ പ്രതീക്ഷ.
വെറും പത്ത് മാസങ്ങൾക്കുള്ളിലാണ് ഈ പദ്ധതി ആസൂത്രണ ഘട്ടത്തിൽനിന്ന് നടപ്പാക്കൽ ഘട്ടത്തിലേക്ക് എത്തിച്ചതെന്ന് അൽ തായർ ചൂണ്ടിക്കാട്ടി.
ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സമർപ്പിതമായ ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഇതിനകം സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.
ചൈനയിലെ ബൈഡു ഉൾപ്പെടെ സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള കമ്പനികളുമായി സഹകരിച്ചാണ് ദുബായിൽ ഈ വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.
സാമ്പത്തിക വളർച്ച, നിക്ഷേപം, ജനങ്ങളുടെ ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് അൽ തായർ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങളാണ് ഏതൊരു സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലെന്നും, അവ ഇല്ലാതെ നിക്ഷേപം ആകർഷിക്കാനോ വലിയ കമ്പനികൾ സ്ഥാപിക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









