ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി
മലപ്പുറം: തലയിൽ പുഴുവരിച്ച ഗുരുതരമായ മുറിവുമായി ചികിത്സ തേടിയെത്തിയ ആദിവാസി ബാലികയ്ക്ക് ആവശ്യമായ ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് മടക്കി അയച്ചതായി പരാതി.
മലപ്പുറം പോത്തുകൽ ചെമ്പ്ര കോളനിയിലെ സുരേഷ്–സുനിത ദമ്പതികളുടെ അഞ്ചുവയസുകാരിയായ മകൾ സുനിമോളെയാണ് വേണ്ടത്ര ചികിത്സ ലഭിക്കാതെ തിരിച്ചയച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് തലയുടെ പിൻഭാഗത്ത് കഴുത്തിനോട് ചേർന്ന ഭാഗത്ത് പുഴുവരിച്ച മുറിവോടെയും ശരീരമാകെ വ്രണങ്ങളോടെയും കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ശുചിത്വക്കുറവിനെ തുടർന്ന് ഉണ്ടായ ചെറിയ മുറിവുകൾ പിന്നീട് വലിയ വ്രണങ്ങളായി മാറിയതായാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ സർജൻ ലഭ്യമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിയെ അടുത്ത ദിവസം പുലർച്ചെയോടെ തന്നെ ചികിത്സ പൂർത്തിയായെന്ന നിലയിൽ ഡിസ്ചാർജ് ചെയ്തുവെന്നാണ് പരാതി.
എന്നാൽ ഐടിഡിപി ഏർപ്പെടുത്തിയ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലും കുട്ടി ശക്തമായി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ പരിശോധിച്ചപ്പോഴാണ് മുറിവിൽ വീണ്ടും പുഴുക്കൾ ഉള്ളത് കണ്ടെത്തിയത്.
തുടർന്ന് കുട്ടിയെ വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പുഴുക്കൾ നീക്കം ചെയ്തു. ഗുരുതരാവസ്ഥ കണക്കിലെടുത്ത് അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അഞ്ചുവയസുകാരി. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് പരാതി ഉയർന്നിട്ടുണ്ട്.
English Summary
A complaint has been raised alleging medical negligence at Manjeri Medical College, where a five-year-old tribal girl with a maggot-infested head wound was allegedly discharged without proper treatment.
tribal-girl-denied-proper-treatment-manjeri-medical-college
medical negligence, tribal child, Manjeri Medical College, Malappuram news, Nilambur hospital, Kozhikode Medical College, child health, Kerala health system









