നോർതേൺ അയർലണ്ടിൽ മലയാളി കുടുംബത്തിന്റെ വീടിനു നേരെ ആക്രമണം
നോർതേൺ അയർലണ്ട്: നോർതേൺ അയർലണ്ടിലെ ആർമാഘ് കൗണ്ടിയിലെ പോർട്ടാഡൗണിൽ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായ സംഭവം ആശങ്ക സൃഷ്ടിച്ചു.
ഇന്നലെയാണ് കുടുംബം താമസിക്കുന്ന വീടിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്. സംഭവത്തിൽ ആളപായമില്ലെങ്കിലും, വീടിന്റെ ജനലുകൾക്കും പുറംഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അറിയുന്നു.
സംഭവം അറിഞ്ഞതോടെ പ്രദേശത്തെ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായ ബോബിൻ അലക്‌സ് ഉടൻ തന്നെ സ്ഥലത്തെത്തി കുടുംബത്തിന് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കി.
വിഷയം Police Service of Northern Ireland (PSNI)യുടെ ഇൻസ്‌പെക്ടറുമായി ചർച്ച ചെയ്യുകയും, സംഭവത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ഇതോടൊപ്പം, പ്രദേശത്തെ എംപി കാർല ലോക്ഹാർട്ടും വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇത്തരം സംഭവങ്ങൾ തടയുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും എംപി വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, പ്രശ്നങ്ങളുണ്ടായാൽ തന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്നും കാർല ലോക്ഹാർട്ട് പറഞ്ഞു.
നോർതേൺ അയർലണ്ടിൽ മലയാളി കുടുംബത്തിന്റെ വീടിനു നേരെ ആക്രമണം
സംഭവം നടന്ന പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കാമെന്ന ഉറപ്പും അധികൃതർ നൽകിയിട്ടുണ്ട്.
കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുമായി കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് PSNI അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം നോർതേൺ അയർലണ്ടിൽ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റ സമൂഹങ്ങൾക്ക് നേരെ വംശീയവിദ്വേഷത്തിൽ നിന്നുണ്ടായ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വീടുകൾക്ക് നേരെയുള്ള ആക്രമണം, വാക്കേറ്റം, ഭീഷണി തുടങ്ങിയ സംഭവങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇന്ത്യൻ സമൂഹത്തിൽ ആശങ്ക വർധിച്ചിരുന്നു.
ഈ ആക്രമണങ്ങളിൽ പലതിലും കൗമാരപ്രായക്കാരാണ് പ്രതികളായിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ സംഭവവും വംശീയവൈരാഗ്യത്തിന്റെ ഭാഗമാണോയെന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.
കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് മലയാളി സമൂഹം ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം മുന്നോട്ടുവയ്ക്കുന്നത്.









