നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി; മനസു തുറന്ന് ഐഷാ പോറ്റി
കൊല്ലം: സി.പി.എമ്മിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം അവഗണന മാത്രമല്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എം.എൽ.എ ഐഷാ പോറ്റി വ്യക്തമാക്കി.
രാഷ്ട്രീയമാറ്റത്തിന് പിന്തുണയുമായി എത്തുന്നവരോട് നന്ദി അറിയിക്കുന്നതിനിടെയുണ്ടായ സംഭാഷണത്തിലാണ് അവർ നിലപാട് തുറന്നുപറഞ്ഞത്.
സി.പി.എം യഥാർത്ഥ രാഷ്ട്രീയ ലൈനിൽ നിന്ന് വഴിമാറിയെന്നും, ചില നേതാക്കളുടെ മാത്രം തീരുമാനങ്ങൾ നടപ്പാകുന്ന പാർട്ടിയായി മാറിയെന്നുമാണ് ഐഷാ പോറ്റിയുടെ വിമർശനം.
എം.എൽ.എ പദവി നഷ്ടപ്പെട്ടതിന് ശേഷവും 2023 വരെ താൻ സജീവമായി പ്രവർത്തിച്ചിരുന്നുവെങ്കിലും, താൻ മുൻകൈ എടുത്ത് കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ നിന്ന് പോലും മാറ്റിനിറുത്തിയതായി അവർ പറഞ്ഞു.
മണ്ഡലത്തിലെ അടുത്ത സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് കരുതി മുഴുവൻ ശക്തിയും ചെലുത്തി പ്രവർത്തിച്ചിട്ടുണ്ടെന്നും, തനിക്കു കിട്ടിയതിലധികം വോട്ട് നൽകണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യവുമെന്നുമാണ് ഐഷാ പോറ്റിയുടെ വെളിപ്പെടുത്തൽ.
പാർട്ടി മാറിയതിന് ശേഷം ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അവർ പറഞ്ഞു. നിരവധി പേർ വിളിച്ച് ധൈര്യത്തോടെ മുന്നോട്ടുപോകാൻ പ്രോത്സാഹിപ്പിച്ചുവെന്നും, സാമൂഹികമാധ്യമ വിമർശനങ്ങൾ അവഗണിക്കാനാണ് ഉപദേശിച്ചതെന്നും പറഞ്ഞു.
കൊട്ടാരക്കരയിലെ ജനങ്ങളെ തന്റെ കുടുംബാംഗങ്ങളെപ്പോലെ കാണുന്നുവെന്നും, സി.പി.എമ്മിൽ ഇപ്പോഴും തന്നെ സ്നേഹിക്കുന്ന പലരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
35 വർഷത്തിനിടെ പലരെയും പരീക്ഷിച്ച ശേഷം മാത്രമാണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും, ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ച് ജനങ്ങളുടെ അംഗീകാരം നേടിയെടുത്തതാണെന്നും ഐഷാ പോറ്റി പറഞ്ഞു.
പാർട്ടി നൽകിയ അവസരം മാത്രമല്ല, സ്വന്തം കഠിനാധ്വാനവും പ്രവർത്തനവുമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും അവർ ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തെന്ന ആരോപണം അവർ നിഷേധിച്ചു.
അത്തരമൊരു വാഗ്ദാനം ഉണ്ടായിട്ടില്ലെന്നും, ഉണ്ടായിരുന്നാലും സ്വീകരിക്കില്ലായിരുന്നെന്നും ഐഷാ പോറ്റി വ്യക്തമാക്കി.
യാതൊരു സ്ഥാനമോഹവും കൂടാതെയാണ് കോൺഗ്രസിൽ ചേർന്നതെന്നും അവർ പറഞ്ഞു.
കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന്, മാറ്റം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും, യു.ഡി.എഫ് ആരെ സ്ഥാനാർത്ഥിയാക്കിയാലും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നുമായിരുന്നു മറുപടി.
ഉപാധികളില്ലാതെയാണ് കോൺഗ്രസിൽ ചേർന്നതെന്നും, നേതൃത്വം യാതൊരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സി.പി.എം ‘വർഗ്ഗവഞ്ചക’ എന്ന മുദ്രകുത്താൻ ശ്രമിക്കുന്നതിനെക്കുറിച്ചും ഐഷാ പോറ്റി പ്രതികരിച്ചു.
പാർട്ടിയിൽ ചേരുന്നവർ നല്ലവരായും പുറത്തുപോകുന്നവർ വർഗ്ഗവഞ്ചകരായും മുദ്രകുത്തുന്നത് ഇരട്ടത്താപ്പാണെന്ന് അവർ പറഞ്ഞു.
അധിക്ഷേപ ഭാഷ ഉപയോഗിച്ചാലും അത് തന്നെ ബാധിക്കില്ലെന്നും, ഇന്ന് അപമാനിക്കുന്നവർ നാളെ തെറ്ററിഞ്ഞു തിരിഞ്ഞുനോക്കുമെന്നും ഐഷാ പോറ്റി കൂട്ടിച്ചേർത്തു.
English Summary:
Former Kottarakkara MLA Aisha Potti said her decision to leave the CPI(M) was not due to neglect alone but because the party deviated from its core principles and became leader-centric. After joining the Congress, she said she has received strong public support and will work sincerely for the UDF without any conditions or personal ambitions.
aisha-potti-on-leaving-cpim-and-joining-congress
Aisha Potti, CPI(M), Congress, Kottarakkara, Kerala Politics, UDF, Party Switch









