കെട്ടിടത്തിന്റെ നാലാം നിലയിൽ കയറി 25 കാരനായ യുവാവിന്റെ ആത്മഹത്യാഭീഷണി
തളിപ്പറമ്പ് (കണ്ണൂർ): തളിപ്പറമ്പിലെ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ കയറി 25 കാരനായ യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയ സംഭവം പ്രദേശത്ത് മണിക്കൂറുകളോളം ആശങ്ക പരത്തി.
പാപ്പിനിശ്ശേരി സ്വദേശിയായ യുവാവാണ് കെട്ടിടത്തിന്റെ മുകളിലെത്തിയത്. വിവരം ലഭിച്ചതോടെ അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
ഉച്ചയോടെ ആരംഭിച്ച സംഭവം ഒരു മണിക്കൂറിലധികം നീണ്ടു. കെട്ടിടത്തിന് താഴെ ആളുകൾ കൂടിനിന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
ആത്മഹത്യാഭീഷണി തുടങ്ങിയതുമുതൽ അഗ്‌നിരക്ഷാസേന വല കെട്ടി സജ്ജമായി കാത്തുനിന്നു. ഉയരത്തിൽനിന്ന് വീഴ്ച ഒഴിവാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ് യുവാവുമായി നേരിട്ട് സംസാരിച്ചു. മാനസിക സമ്മർദത്തിലായിരുന്ന യുവാവിനെ ശാന്തനാക്കി.
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകിയാണ് ചർച്ചകൾ നടത്തിയത്. ദീർഘനേരം നീണ്ട സംഭാഷണത്തിനൊടുവിൽ യുവാവ് ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴേക്ക് ഇറങ്ങാൻ തയ്യാറായി.
താഴെയിറക്കുന്നതിനിടയിൽ യുവാവ് ശാരീരികമായി ക്ഷീണിച്ച് കുഴഞ്ഞുവീണു. ഉടൻ തന്നെ അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ അവരുടെ സംരക്ഷണത്തിൽ വിട്ടയച്ചു.
സംഭവത്തിന് പിന്നിൽ പ്രണയനൈരാശ്യമാണെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഇൻസ്റ്റിറ്റ്യൂട്ടിന് സമീപ പ്രദേശത്തെ ഒരു പെൺകുട്ടിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു.
ആ ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇയാളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരത്തിലുള്ള ചിന്തകൾ ഉണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. കേരള സർക്കാരിന്റെ ‘ദിശ’ ഹെൽപ് ലൈൻ നമ്പറുകൾ: 1056, 0471-2552056 (ടോൾ ഫ്രീ).









