1984ൽ തുടങ്ങിയ മോഷണം; 68-ാം വയസ്സിലും ആക്ടീവാണ്; ജയിലിലേക്ക് ഇത് അമ്പതാം തവണ
ജയ്‌പൂർ ∙ രാജസ്ഥാനിലെ പച്ച്പദ്രയിൽ താമസിക്കുന്ന ബർക്കത്ത് ഖാൻ വീണ്ടും ജയിലിലേക്ക്. അമ്പതാം തവണയാണ് ഇയാൾ ജയിലിലാകുന്നത്. ഇത്തവണ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
ബാബു എന്ന പേരിലും അറിയപ്പെടുന്ന 68 കാരനായ ബർക്കത്ത് ഖാൻ കഴിഞ്ഞ നാല് പതിറ്റാണ്ടായി മോഷണം ജീവിതശൈലിയാക്കി മാറ്റിയ വ്യക്തിയാണ്.
1984ലാണ് ഇയാൾക്കെതിരെ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. അതിന് ശേഷം വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഇയാൾക്കെതിരെ 50 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജീവിതത്തിലെ പത്ത് വർഷത്തിലധികം കാലം ഖാൻ ജയിലിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. അടുത്തിടെ അജ്മീർ ജയിലിൽ നിന്ന് ഇയാൾ തടവ് ചാടിയതായും പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ ഷെർഗറിന് സമീപമുള്ള ആശാപുര മാതാജി ക്ഷേത്രത്തിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ കവർച്ച നടന്നത്.
ക്ഷേത്രത്തിലെ സേഫിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ, മൈക്രോഫോൺ സെറ്റ്, എൽഇഡി ടിവി, വെള്ളി കുട എന്നിവയാണ് മോഷ്ടിച്ചത്. തുടർച്ചയായ മോഷണങ്ങളോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ പൊലീസ് പട്രോളിംഗിനിടെ ക്ഷേത്ര പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബർക്കത്ത് ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെയാണ് കവർച്ചകളിലെ പങ്ക് വെളിപ്പെട്ടത്. മോഷ്ടിച്ച വസ്തുക്കൾ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കവർച്ചയിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary
A 68-year-old habitual offender, Barkath Khan alias Babu, has been arrested for the 50th time in Rajasthan, this time for robbing a temple. Active in theft cases since 1984, Khan has spent over a decade in jail and currently faces multiple investigations related to repeated temple burglaries.
rajasthan-habitual-thief-barkath-khan-arrested-50th-time-temple-robbery
Rajasthan Crime, Temple Robbery, Habitual Offender, Barkath Khan, Police Arrest, Crime News









