പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ
കോട്ടയം∙ പാലാ നിയമസഭാ സീറ്റ് ആരുടെ സമ്മർദ്ദത്തിനും വിട്ടുകൊടുക്കില്ലെന്നും, ജോസ് കെ.മാണി യുഡിഎഫിലേക്ക് വരണമെങ്കിൽ വരട്ടെയെന്നുമാണ് തന്റെ നിലപാടെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ.
നിലവിൽ കേരള കോൺഗ്രസ് (എം)യെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകളൊന്നും നടക്കുന്നില്ലെന്നും, അനൗദ്യോഗിക ചർച്ചകളെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഡിപിക്ക് നിലവിൽ പാലായും എലത്തൂരുമുള്‍പ്പെടെ രണ്ട് സീറ്റുകളാണുള്ളതെന്ന് കാപ്പൻ പറഞ്ഞു. കഴിഞ്ഞ തവണ തന്നെ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും, അതനുസരിച്ച് ഇത്തവണയും മൂന്ന് സീറ്റുകളാണ് പാർട്ടിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പ് യുഡിഎഫ് നേതൃത്വം പാലിക്കണമെന്നും ആവശ്യപ്പെട്ടതായി കാപ്പൻ കൂട്ടിച്ചേർത്തു.
എലത്തൂർ സീറ്റ് മുസ്‌ലിം ലീഗിന് നൽകാൻ കെഡിപി തയാറാണെന്നും, പകരമായി പേരാമ്പ്ര സീറ്റ് വേണമെന്നുമാണ് ആവശ്യം. പേരാമ്പ്രയിൽ ക്രിസ്ത്യൻ–മുസ്‌ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായാൽ വിജയസാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് ഒറ്റക്കെട്ടായി ‘ടീം യുഡിഎഫ്’ എന്ന നിലയിൽ മുന്നിട്ടിറങ്ങിയാൽ വിജയം ഉറപ്പാണെന്നും കാപ്പൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും, താൻ മത്സരിച്ചാൽ സ്ഥിതി മാറുമെന്നും കാപ്പൻ വ്യക്തമാക്കി.
രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ച തനിക്ക് ഇടതു വോട്ടുകളും ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയാണ് പ്രധാനമെന്നും, ചെറുപാർട്ടികൾക്ക് മതിയായ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം)യുടെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും, അത്തരം കാര്യങ്ങൾ യോഗം വിളിച്ച് കൂട്ടായ തീരുമാനത്തിലൂടെയേ ഉണ്ടാകൂവെന്നും കാപ്പൻ വ്യക്തമാക്കി.
എന്നാൽ, പാലാ സീറ്റ് ആരുടെ പേരിലും വിട്ടുനൽകില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. സീറ്റ് വിഭജന ചർച്ചകൾ ഈ മാസം 20ന് ശേഷം ആരംഭിക്കുമെന്നും കാപ്പൻ പറഞ്ഞു.
English Summary
Pala MLA Mani C. Kappan has asserted that the Pala assembly seat will not be given up under any circumstances. He stated that while Jose K. Mani is free to join the UDF if he wishes, Pala will remain with his party. Kappan also proposed giving the Elathur seat to the Muslim League in exchange for Perambra and emphasized that a united UDF has strong winning prospects.
pala-seat-not-for-compromise-mani-c-kappan-udf-stance
Mani C Kappan, Pala Assembly Seat, UDF Politics, Kerala Congress, Seat Sharing, Kerala Politics, Jose K Mani









