എല്‍ഡിഎഫ് സമരത്തിൽ നിന്ന് വിട്ടു നിന്ന് ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും; മുന്നണി മാറ്റം ഉടൻ!
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല.
കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം.
കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എത്തിയിട്ടില്ല. യാത്രയിലാണ് ഉടനെയെത്തുമെന്ന് അറിയിച്ചു. വറുഗീസ് ജോര്‍ജ് ആര്‍ജെഡിയെ പ്രതിനീധികരിച്ച് പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിൽ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത്, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിമാറ്റ ചർച്ചകൾ വീണ്ടും ശക്തമാക്കി.
മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് തുടങ്ങിയ നേതാക്കൾ സമരത്തിൽ പങ്കെടുത്തിരുന്നു.
തുടർച്ചയായി രണ്ടാമത്തെ എൽഡിഎഫ് യോഗങ്ങളിലും വിട്ടുനിന്ന ജോസ് കെ. മാണി, ഇന്നത്തെ സത്യഗ്രഹത്തിലും പങ്കെടുക്കാതായതോടെ പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പമാണ് പുറത്തുവരുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഫെബ്രുവരിയിൽ നടക്കുന്ന എൽഡിഎഫിന്റെ മേഖലാ ജാഥയിൽ മധ്യമേഖലയുടെ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിശ്ചയിച്ചിരുന്നെങ്കിലും, ഈ ചുമതല എൻ. ജയരാജിന് നൽകണമെന്ന ചർച്ചകളും സജീവമാണ്.
ഫെബ്രുവരി 6ന് അങ്കമാലിയിൽ ആരംഭിച്ച് 13ന് ആറന്മുളയിൽ സമാപിക്കുന്നതാണ് മധ്യമേഖലാ ജാഥ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മറ്റ് മേഖലാ ജാഥകൾക്ക് നേതൃത്വം നൽകും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലേക്കു തിരിച്ചുപോകണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിന്മേൽ ശക്തമായ സമ്മർദമായി മാറിയിട്ടുണ്ട്.
പാർട്ടിയെ പരമ്പരാഗതമായി പിന്തുണക്കുന്ന ചില പ്രബല വിഭാഗങ്ങൾ മുന്നണിമാറ്റം ഗൗരവമായി പരിഗണിക്കണമെന്ന നിലപാടിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുവിരുദ്ധ വികാരം പ്രകടമായിരുന്നുവെന്നും, ഇതു രാഷ്ട്രീയമായി തിരിച്ചറിയേണ്ട സമയമാണെന്നുമാണ് ഇവരുടെ വാദം.
2021ൽ ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം നിലനിന്നിട്ടും 12 സീറ്റുകളിൽ മത്സരിച്ച കേരളാ കോൺഗ്രസ് (എം) അഞ്ചിടങ്ങളിൽ മാത്രമാണ് വിജയിച്ചത്.
ഈ പശ്ചാത്തലത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകാമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.
അതേസമയം, പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്ന സിപിഎമ്മിനെയും എൽഡിഎഫിനെയും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉപേക്ഷിക്കുന്നത് അധികാരലാഭത്തിനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമെന്ന അഭിപ്രായവും ശക്തമാണ്.
എൽഡിഎഫിനൊപ്പം തുടരണമെന്ന നിലപാടിലാണ് ചില എംഎൽഎമാർ. പാർട്ടി എടുക്കുന്ന ഔദ്യോഗിക തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും മറ്റു എംഎൽഎമാർ വ്യക്തമാക്കിയിട്ടുണ്ട്. 16ന് ചേരുന്ന ഉന്നതാധികാര യോഗത്തിൽ വിഷയത്തിൽ വിശദമായ ചർച്ച നടക്കും.
കേരളാ കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കെത്തുന്നതിനെ അനുകൂലിച്ച് കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗും ശക്തമായി രംഗത്തുണ്ട്. ഭരണമാറ്റം ഉറപ്പാക്കാനുള്ള സാധ്യതകൾ പൂർണമായി ഉപയോഗിക്കണമെന്നാണ് ഇവരുടെ നിലപാട്.
എന്നാൽ, ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും സീറ്റ് വിഭജനത്തിലെ ആശങ്കകളും പ്രധാന വെല്ലുവിളിയായി തുടരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ ജോസഫ് വിഭാഗത്തിന് പത്ത് സീറ്റുകൾ നൽകിയെങ്കിലും രണ്ട് സീറ്റുകളിൽ മാത്രമാണ് ജയം നേടാനായത്.
കേരളാ കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ സീറ്റ് കുറയുമെന്ന ആശങ്കയാണ് ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. വരും ദിവസങ്ങളിൽ എൽഡിഎഫിലെ സീറ്റ് ചർച്ചകൾ സജീവമാകുന്നതോടെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണ് സൂചന.
English Summary:
The absence of Kerala Congress (M) chairman Jose K. Mani from the CPI(M)-led protest in Thiruvananthapuram has reignited speculation over a possible alliance shift ahead of the Kerala Assembly elections.
jose-k-mani-absence-ldf-protest-alliance-shift-talks
Jose K Mani, Kerala Congress M, LDF, UDF, Kerala Assembly Election, Alliance Politics, Kerala News









