പാലക്കാട് തങ്കപ്പൻ, തൃത്താലയിൽ ബൽറാം, പട്ടാമ്പി സീറ്റ് ലീഗിന് നൽകില്ല; പുതിയ തീരുമാനം ഇങ്ങനെ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി നിർണയ ചർച്ചകൾ രാഷ്ട്രീയ പാർട്ടികളിൽ സജീവമാകുന്നു. കോൺഗ്രസ്, സിപിഎം, ബിജെപി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളിൽ മണ്ഡലാടിസ്ഥാനത്തിൽ ശക്തമായ ചർച്ചകളാണ് പുരോഗമിക്കുന്നത്.
ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഇക്കാര്യം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മത്സരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് എ. തങ്കപ്പനെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമായത്.
തൃത്താലയിൽ വി.ടി. ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. ജയസാധ്യതയുള്ള സ്ഥാനാർഥിയാണ് വി.ടി. ബൽറാമെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്.
അതേസമയം, പട്ടാമ്പി സീറ്റ് മുസ്‌ലിം ലീഗിന് വിട്ടുകൊടുക്കില്ലെന്നും കോൺഗ്രസ് തന്നെ മത്സരിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
പട്ടാമ്പി ലീഗിന് നൽകിയാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എംഎൽഎ സി.പി. മുഹമ്മദ് ഭീഷണി ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തി. പാർട്ടി ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ തനിക്ക് വൈകാരികമായി അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ നിരവധി സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പാലക്കാട് കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയാകുന്നതിനെ പരിഹസിച്ച അദ്ദേഹം, സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രതികരിച്ചു.
അതേസമയം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാകുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം കേരളത്തിലെത്തും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ ഒരുക്കങ്ങൾ പരിശോധിക്കും. ഏപ്രിൽ രണ്ടാം വാരത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് ഇപ്പോൾ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ആലോചന.
English Summary
As the Kerala Assembly elections approach, candidate selection discussions have intensified across major political parties. In Palakkad, the Congress district leadership is pushing for DCC president A. Thankappan to contest, even as sitting MLA Rahul Mankootathil explores a re-entry. VT Balram is likely to contest again from Thrithala, while Congress has firmly opposed giving the Pattambi seat to the Muslim League. Meanwhile, Congress leader Sandeep Warrier has expressed readiness to contest from any constituency if directed by the party. On the administrative front, the Election Commission is set to visit Kerala next month, with polls likely in April. The state government has initiated urgent measures to include all eligible voters in the electoral rolls, including fee waivers and the setting up of help desks.
palakkad-assembly-election-candidate-discussions-congress-bjp
Palakkad, Kerala Assembly Election, Congress, BJP, Candidate selection, VT Balram, Sandeep Warrier, Rahul Mankootathil, Election Commission









