വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും; മുന്നറിയിപ്പുമായി സിപിഐ
പാലക്കാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനാവശ്യമായി പിന്തുണയ്ക്കുന്നത് ഇടതുമുന്നണിക്ക് തന്നെ ബാധ്യതയാകുമെന്ന് സിപിഐ.
സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്.
വെള്ളാപ്പള്ളി ഉന്നയിക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും ഇടതുപാർട്ടികളുടെ ആശയപരമായ സമീപനങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പി യോഗം കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണെങ്കിലും, മുൻകാലങ്ങളിൽ ഉണ്ടായിരുന്ന തരത്തിലുള്ള ഇടപെടലുകളല്ല നിലവിൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
വെള്ളാപ്പള്ളിയുമായുള്ള അടുത്ത ബന്ധം മതന്യൂനപക്ഷങ്ങൾക്കിടയിൽ എൽഡിഎഫിനെതിരായ സംശയങ്ങൾ വർധിപ്പിക്കാൻ ഇടയാക്കുമെന്നും, അതുകൊണ്ട് തന്നെ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ നിർദേശം ഉയർന്നു.
ഇതിനകം തന്നെ വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങളെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയതും ശ്രദ്ധേയമാണ്.
English Summary
CPI has warned that blindly supporting SNDP Yogam General Secretary Vellappally Natesan could become a liability for the Left Democratic Front. Strong criticism against Vellappally was raised at the CPI Palakkad district committee meeting, with leaders stating that his views do not align with Left ideology and could alienate minority communities.
cpi-warns-supporting-vellappally-natesan-ldf-liability
CPI, Vellappally Natesan, LDF, SNDP Yogam, Kerala Politics, Palakkad News









