കേരളത്തിൽ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞു
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യത്യസ്ത വിലനിലവാരങ്ങൾ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനത്തെ രണ്ട് പ്രധാന സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ വിപണിയിൽ നിലനിന്നിരുന്ന വിലക്കുഴപ്പം താൽക്കാലികമായി മാറിയിരിക്കുകയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 12,485 രൂപയും ഒരു പവന് 99,880 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിലെ വൻ വിലത്തകർച്ചയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ട്രോയ് ഔൺസിന് 4,500 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്ന സ്വർണം ഇപ്പോൾ ശക്തമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം സ്പോട്ട് ഗോൾഡിന് 170.92 ഡോളറിന്റെ കുറവുണ്ടായി.
ഇതോടെ ട്രോയ് ഔൺസിന് 4,363.24 ഡോളറിലാണ് വില. ഒരുദിവസം കൊണ്ട് 3.77 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (ജിഎസ്എംഎ) ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് കുറച്ചത്.
ഇതോടെ ഇന്നലെ വൈകിട്ട് 1,02,000 രൂപയായിരുന്ന പവൻ വില 99,880 രൂപയായി താഴ്ന്നു. തുടർച്ചയായ രണ്ടുദിവസത്തിനിടെ ജിഎസ്എംഎ ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയും കുറച്ചിട്ടുണ്ട്.
അതേസമയം, ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇന്ന് ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയും കുറച്ചു.
ഇന്നലെ വൈകിട്ട് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു ഇവർ പ്രഖ്യാപിച്ച വില. രണ്ടുദിവസം കൊണ്ട് എകെജിഎസ്എംഎ ഗ്രാമിന് 520 രൂപയും പവന് 4,160 രൂപയും കുറച്ചുവെന്നതാണ് ശ്രദ്ധേയം.
കേരളത്തിൽ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞു
അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.
ഡോളറിന്റെ മൂല്യമാറ്റം, നിക്ഷേപ വിപണിയിലെ അനിശ്ചിതത്വം, ലാഭമെടുക്കലിനായി നിക്ഷേപകർ സ്വർണം വിറ്റഴിക്കുന്നതുമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.









