പരിചരിക്കാനെത്തിയവർ അച്ഛനെയും മകളെയും പൂട്ടിയിട്ടത് 5 വർഷം
ഉത്തർപ്രദേശ് ∙ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക വെല്ലുവിളി നേരിടുന്ന മകളെയും അഞ്ചുവർഷത്തോളം വീട്ടുതടങ്കലിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവമാണ് ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്ന് പുറത്തുവന്നത്.
ഇവരെ പരിചരിക്കാനായി നിയമിച്ച ദമ്പതികളാണ് മനുഷ്യത്വം നഷ്‌ടപ്പെട്ട ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പീഡനത്തിനൊടുവിൽ പിതാവ് മരണത്തിന് കീഴടങ്ങുകയും മകളെ അത്യന്തം ദയനീയാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു.
വിരമിച്ച റെയിൽവേ ക്ലർക്കായ ഓംപ്രകാശ് സിംഗ് റാത്തോഡും മകൾ രശ്മിയും 2016ൽ ഓംപ്രകാശിന്റെ ഭാര്യയുടെ മരണത്തിനു ശേഷമാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്.
മാനസിക വെല്ലുവിളി നേരിടുന്ന മകളുടെ പരിചരണത്തിനും തന്റെ ദൈനംദിന ആവശ്യങ്ങൾക്കുമായി കുടുംബം രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാംദേവിയെയും ജോലിക്കെടുത്തിരുന്നു.
എന്നാൽ പരിചരണത്തിനായി എത്തിയ ദമ്പതികൾ പിന്നീട് വീട് കൈയടക്കി, ഓംപ്രകാശിനെയും മകളെയും വീട്ടിലെ താഴത്തെ മുറികളിൽ പൂട്ടിയിടുകയായിരുന്നു.
പരിചരിക്കാനെത്തിയവർ അച്ഛനെയും മകളെയും പൂട്ടിയിട്ടത് 5 വർഷം
അഞ്ചുവർഷത്തോളം ഇരുവരെയും കടുത്ത പീഡനത്തിന് വിധേയരാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. മതിയായ ഭക്ഷണവും വെള്ളവും ചികിത്സയും ഇവർക്ക് നിഷേധിക്കപ്പെട്ടു.
പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത വിധം ഇവരെ ഒറ്റപ്പെടുത്തി.
ബന്ധുക്കൾ ഓംപ്രകാശിനെ കാണാനെത്തുമ്പോൾ, അദ്ദേഹത്തിന് ആരെയും കാണാൻ താൽപര്യമില്ലെന്ന് പറഞ്ഞ് പ്രതികൾ അവരെ മടക്കി അയക്കുകയായിരുന്നു. ഇതോടെ ദീർഘകാലം ഈ ക്രൂരത പുറംലോകം അറിയാതെ തുടർന്നു.
തിങ്കളാഴ്ച ഓംപ്രകാശ് മരിച്ചെന്ന വിവരം ലഭിച്ചാണ് ബന്ധുക്കൾ വീട്ടിലെത്തിയത്. അകത്ത് കയറിയവർ കണ്ട കാഴ്ച ഏവരെയും ഞെട്ടിച്ചു.
പട്ടിണിയും അവഗണനയും കാരണം ഓംപ്രകാശിന്റെ ശരീരം പൂർണമായി ശുഷ്കിച്ച നിലയിലായിരുന്നു. ഇരുട്ടുമുറിയിൽ, വസ്ത്രങ്ങളില്ലാതെ കിടന്ന നിലയിൽ മകൾ രശ്മിയെ കണ്ടെത്തി.
ഭക്ഷണവും പരിചരണവും ലഭിക്കാത്തതിനാൽ 27 വയസ്സുള്ള രശ്മിയുടെ ശരീരം 80 വയസ്സുള്ള വൃദ്ധയെപ്പോലെ എല്ലും തോലുമാത്രമായ അവസ്ഥയിലായിരുന്നു.
ഓംപ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഗുരുതരമായി ക്ഷീണിച്ച രശ്മിയെ ബന്ധുക്കൾ ഏറ്റെടുത്ത് ഇപ്പോൾ പരിചരിച്ചുവരികയാണ്.
സംഭവത്തിൽ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് കർശന ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









