രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു
ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ സൈരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു.
ശനിയാഴ്ച പുലർച്ചെ 2.17ഓടെയായിരുന്നു അപകടം. ചാങ്ജുറായ് പ്രദേശത്ത് നടന്ന കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.
എന്നാൽ, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്ക്കോ റെയിൽവേ ജീവനക്കാര്ക്കോ പരിക്കേറ്റിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു.
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷനു കീഴിലുള്ള ജമുനാമുഖ്–കാംപൂർ സെക്ഷനിലൂടെയായിരുന്നു 20507 ഡിഎൻ സൈരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് സഞ്ചരിച്ചിരുന്നത്.
ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാൻ സാധിച്ചില്ല.
ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. ഇത് ആനകളുടെ ഔദ്യോഗിക സഞ്ചാര ഇടനാഴിയായി പ്രഖ്യാപിച്ച പ്രദേശമല്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ പാളത്തിലുണ്ടായിരുന്ന എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി.
പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ ഒഴിവുള്ള മറ്റ് കോച്ചുകളിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ലുംഡിംഗ് ഡിവിഷനിൽ നിന്ന് ദുരിതാശ്വാസ ട്രെയിനുകളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ജനറൽ മാനേജരും ലുംഡിംഗ് ഡിവിഷണൽ റെയിൽവേ മാനേജരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പാളം തെറ്റിയ കോച്ചുകൾ വേർപെടുത്തിയ ശേഷം പുലർച്ചെ 6.11ഓടെ ട്രെയിൻ ഗുവാഹത്തിയിലേക്ക് തിരിച്ചു. അവിടെ അധിക കോച്ചുകൾ ഘടിപ്പിച്ച് ട്രെയിൻ ന്യൂഡൽഹിയിലേക്കുള്ള യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള മറ്റ് ട്രെയിനുകൾ ‘അപ് ലൈൻ’ വഴി തിരിച്ചുവിട്ടു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.
English Summary
Eight elephants were killed after the Silchar–New Delhi Rajdhani Express collided with a herd in Assam’s Hojai district early Saturday morning.
assam-rajdhani-express-hits-elephants-eight-killed-hojai
Assam, Guwahati, Hojai district, Rajdhani Express, train accident, elephant death, wildlife conflict, Northeast Frontier Railway









