നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു;
ദില്ലി: മൂന്ന് രാജ്യങ്ങളിലായി നാല് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രധാനമന്ത്രി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ഈ സന്ദർശനം ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി അവിടുത്തെ ഭരണാധികാരിയായ രാജാവ് അബ്ദുള്ള രണ്ടാമനുമായി നിർണായക കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ജോർദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ട് എഴുപത്തഞ്ച് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം നടക്കുന്നത് =,
ഇരുരാജ്യങ്ങൾക്കിടയിലെ വ്യാപാരം, നിക്ഷേപം, സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായികളെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
തുടർന്ന് ചരിത്രപ്രാധാന്യമുള്ള പെട്ര നഗരം സന്ദർശിക്കുന്നതും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സന്ദർശനമായും ഇതിനെ കാണുന്നു.
ജോർദ്ദാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി എത്യോപ്യയിലേക്ക് യാത്രതിരിക്കും. അവിടുത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും.
നരേന്ദ്ര മോദി ആദ്യമായാണ് എത്യോപ്യ സന്ദർശിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
എത്യോപ്യ സന്ദർശനത്തിന് ശേഷം ബുധനാഴ്ച പ്രധാനമന്ത്രി ഒമാനിലെത്തും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക.
ഇന്ത്യയും ഒമാനും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മോദിയുടെ രണ്ടാം ഒമാൻ സന്ദർശനം.
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.









