LDFനെ പരാജയപ്പെടുത്താൻ BJPയും UDFഉം വോട്ട് കൈമാറിയെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) അപ്രതീക്ഷിത തിരിച്ചടി നേരിട്ടതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയമായി വിശദമായി വിലയിരുത്തുമെന്നും, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച ശക്തമായ ചരിത്രം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് തലത്തിൽ രാഷ്ട്രീയ വോട്ടുകൾ നിർണയിക്കുന്ന ഏഴു ജില്ലകളിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
2010 ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ അന്ന് എൽഡിഎഫ് ആറു ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അന്ന് 59 ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമായിരുന്നു എൽഡിഎഫ് വിജയം നേടിയത്.
എന്നാൽ 91 ബ്ലോക്ക് പഞ്ചായത്തുകൾ യുഡിഎഫിന് ലഭിച്ചിരുന്നു. നിലവിലെ തെരഞ്ഞെടുപ്പിൽ 77 ബ്ലോക്ക് പഞ്ചായത്തുകൾ എൽഡിഎഫിന് നേടാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
LDFനെ പരാജയപ്പെടുത്താൻ BJPയും UDFഉം വോട്ട് കൈമാറിയെന്ന് എം വി ഗോവിന്ദൻ
ഗ്രാമപഞ്ചായത്ത് തലത്തിലും ചില മാറ്റങ്ങൾ ഉണ്ടായതായി എം വി ഗോവിന്ദൻ പറഞ്ഞു. 2010ൽ 360 ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫിന് ലഭിച്ചിരുന്നുവെങ്കിൽ, ഈ തെരഞ്ഞെടുപ്പിൽ 343 ഗ്രാമപഞ്ചായത്തുകളിൽ വിജയിക്കുകയും 70 ഗ്രാമപഞ്ചായത്തുകളിൽ സമനില നിലനിൽക്കുകയും ചെയ്തു.
മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ 2010ൽ എൽഡിഎഫ് ദയനീയ അവസ്ഥയിലായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ 28 മുനിസിപ്പാലിറ്റികൾ എൽഡിഎഫ് വിജയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകളുടെ കുറവിനാണ് ഭരണം നഷ്ടമായതെന്നും, പിന്നീട് പരാജയങ്ങളെ ഫലപ്രദമായി നേരിട്ട് എൽഡിഎഫ് ശക്തമായി തിരിച്ചുവന്നതിന്റെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
എൽഡിഎഫിന്റെ അടിത്തറ തകർന്നുവെന്ന് ചിലർ പറയുന്നതിനെ അദ്ദേഹം ശക്തമായി നിഷേധിച്ചു.
രാഷ്ട്രീയമായി വിലയിരുത്തുമ്പോൾ പകുതി ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് ജയിച്ചുവെന്നത് വലിയ നേട്ടമാണെന്നും, പാർട്ടിയുടെ അടിത്തറയിൽ യാതൊരു ഇളക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ശക്തികളുമായി നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് വിജയം നേടിയതെന്നും, എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും യുഡിഎഫും തമ്മിൽ വോട്ട് കൈമാറ്റം നടന്നതായും എം വി ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേടിയതൊഴിച്ചാൽ, തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മറ്റ് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സേതുമാധവന് പകരം വിജയിച്ചത് ബിജെപി സ്ഥാനാർത്ഥിയാണെന്നും, അവിടെ യുഡിഎഫിന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം പരസ്പര സഹായങ്ങൾ യുഡിഎഫും ബിജെപിയും തമ്മിൽ നടന്നുവെന്നും, മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി യോജിച്ചാണ് യുഡിഎഫ് മത്സരിച്ചതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ എൽഡിഎഫ് നേടിയ വിജയം അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞു. ശബരിമല ഉൾപ്പെടുന്ന വാർഡിലും പന്തളം പ്രദേശത്തും എൽഡിഎഫ് വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും, അവിടെ എൽഡിഎഫിന് സീറ്റുകൾ വർധിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.









