ഇന്ത്യയ്ക്ക് കൂറ്റൻ തോൽവി
മുല്ലൻപുർ: ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പതിവുപോലെ നേരത്തെ പുറത്തായെങ്കിലും, ടീമിനായി പൊരുതാൻ ചില താരങ്ങൾ ഉണ്ടെന്നതാണ് ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20യിൽ നിന്നുള്ള ആശ്വാസം.
ചണ്ഡിഗഡിലെ മുല്ലൻപുർ സ്റ്റേഡിയത്തിൽ നടന്ന പുരുഷ ക്രിക്കറ്റിലെ ആദ്യ രാജ്യാന്തര മത്സരത്തിൽ ഇന്ത്യ 51 റൺസിന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു.
214 റൺസെന്ന ഭീമൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾഔട്ടായതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ സ്കോർ 1–1 എന്ന നിലയിൽ എത്തി. മൂന്നാം മത്സരം 14ന് ധരംശാലയിൽ.
ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ തിലക് വർമ (34 പന്തിൽ 62) അർധസെഞ്ചുറിയോടെ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷപ്പെടുത്തി. അഞ്ചാമനായി എത്തിയ തിലക് അഞ്ച് സിക്സും രണ്ട് ഫോറും നേടി.
അക്ഷറോടൊപ്പം നാലാം വിക്കറ്റിന് 35 റൺസ്, ഹാർദിക്കുമായി അഞ്ചാം വിക്കറ്റിന് 51 റൺസ്, ജിതേഷിനൊപ്പം ആറാം വിക്കറ്റിന് 39 റൺസുമാണ് തിലക് കൂട്ടിച്ചേർത്തത്. എന്നാൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അത് മതിയായില്ല.
ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ലുങ്കി എൻഗിഡി ശുഭ്മാൻ ഗില്ലിനെ (0) ഗോൾഡൻ ഡക്കാക്കി മടക്കിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി.
മൂന്നാം നമ്പറിൽ എത്തിയ അക്ഷർ പട്ടേൽ നില പിടിച്ചെങ്കിലും അഭിഷേക് ശർമ (17)യും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (5)യും പവർപ്ലേയ്ക്കുള്ളിൽ പുറത്തായി.
അക്ഷർ 21 പന്തിൽ 21 റൺസെടുത്ത് പുറത്തായതോടെ തിലക് ഒറ്റയ്‌ക്ക് പോരാടേണ്ടിവന്നു.
ഹാർദിക് പാണ്ഡ്യ (20), ജിതേഷ് ശർമ (27) എന്നിവരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന അഞ്ച് റൺസ് നേടുന്നതിനിടെ ഇന്ത്യ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി ഒട്ട്നീൽ ബാർട്ട്മാൻ നാല് വിക്കറ്റ് നേടി. ലുങ്കി എൻഗിഡി, മാർക്കോ യാൻസൻ, ലൂത്തോ സിപാംല എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ്
കട്ടക്കിൽ വെറും 74 റൺസിൽ ഓൾഔട്ടായ ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് മുല്ലൻപൂരിൽ പൂർണ്ണമായും വ്യത്യസ്ത മുഖം കാട്ടി ക്വിന്റൻ ഡികോക്ക് (90).
വിരമിക്കൽ തീരുമാനം പിൻവലിച്ച് മടങ്ങിയെത്തിയ ശേഷം ഇതുവരെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഇന്ത്യയ്‌ക്കെതിരെ ഡികോക്ക് ഏഴ് സിക്സും അഞ്ച് ഫോറും അടിച്ച് 46 പന്തിൽ 90 റൺസ് നേടി.
സെഞ്ചുറി വെറും 10 റൺസ് അകലെയായിരുന്നു. ജിതേഷ് ശർമയുടെ അത്ഭുതകരമായ സ്റ്റംപിങ്ങിലൂടെയാണ് ഡികോക്ക് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി.
ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ നാലാമത്തെ ഉയർന്ന ടോട്ടലാണിത്. റീസ ഹെൻഡ്രിക്സ് (8), മാർക്രം (29), ബ്രെവിസ് (14), ഫെരേര (30*), മില്ലർ (20*) എന്നിവരും നല്ല പിന്തുണ നൽകി. അവസാന നാല് ഓവറിൽ ഇന്ത്യൻ ബോളർമാർ 53 റൺസ് വഴങ്ങുകയും ചെയ്തു.
ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷർ ഒരു വിക്കറ്റ് നേടി. അർഷ്ദീപും ബുമ്രയും റൺസ് വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
സഞ്ജു വീണ്ടും ബെഞ്ചിൽ
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയും കട്ടക്കിൽ വിജയിച്ച അതേ ടീമിനെ തന്നെ ഇറക്കുകയും ചെയ്തു.
ഇതോടെ മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലായിരുന്നു. ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങളോടെ ഇറങ്ങി.
English Summary:
South Africa defeated India by 51 runs in the second T20I at Mullanpur, leveling the five-match series 1–1. Chasing 214, India were bowled out for 162. Tilak Varma top-scored with a fighting 62, but the early collapse—starting with Shubman Gill’s golden duck—hurt India badly.









