കാൽനട യാത്രക്കാർക്ക് ഇനി സുരക്ഷ മുൻഗണന; സീബ്രാ ക്രോസിങ് നിയമം കര്‍ശനമാക്കി
തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മറികടക്കുന്ന കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു നിർദ്ദേശിച്ചു.
സീബ്രാ ക്രോസിങ്ങിൽ യാത്രക്കാർ കടക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മിഷണർ നിർദ്ദേശം നൽകി.
കൂടാതെ, എം.വി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും.
സീബ്രാ ക്രോസിങ്ങിലും ഫുട്പാത്തിലും പാർക്ക് ചെയ്താൽ നടപടികൾ
സീബ്രാ ക്രോസിങ്ങിലോ ഫുട്പാത്തിലോ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും സമാനമായ കടുത്ത നടപടികളാണ് വരാനിരിക്കുന്നത്.
പല പ്രദേശങ്ങളിലും, സീബ്രാ ക്രോസിങ്ങിലൂടെ കടക്കാൻ ശ്രമിക്കുന്നവരെ കണ്ടിട്ടും ഡ്രൈവർമാർ സ്പീഡ് കുറയ്ക്കാൻ തയ്യാറാവാത്തതിനാൽ അപകട സാധ്യത വർധിച്ചിരിക്കുകയാണ്.
നിയമം പറയുന്നത് എന്ത്?
നിയമപ്രകാരം, സീബ്രാ ക്രോസിങ്ങിൽ റോഡ് കടക്കാൻ ഒരാൾ നിൽക്കുന്നത് കണ്ടാൽ ഡ്രൈവർ വാഹനത്തിന്‍റെ വേഗത കുറച്ച് കുറഞ്ഞത് 3 മീറ്റർ അകലെയെങ്കിലും വാഹനം നിർത്തണം.
എന്നാൽ, പലരും ഇതിന്‍റെ വിപരീതമായി വേഗം കൂട്ടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുമൂലം കാൽനട യാത്രക്കാർ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിരയാകുകയും ചെയ്യുന്നു.
ഹൈക്കോടതി നിർദ്ദേശവും മരണസംഖ്യയും
ഈ മേഖലയിൽ നിയമലംഘനം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഈ വർഷം ഇതുവരെ 800 കാൽനട യാത്രക്കാർ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. അതിൽ പകുതിയും മുതിർന്ന പൗരന്മാരാണ്.
English Summary:
Kerala Transport Commissioner C.H. Nagaraju has ordered strict action against drivers who fail to stop for pedestrians at zebra crossings. Offenders will face license cancellation and a ₹2000 fine under MV Act 184. Similar action will apply to vehicles parked on zebra crossings or footpaths. The directive follows increasing accidents caused by drivers who fail to slow down despite seeing pedestrians waiting to cross. By law, vehicles must stop at least three meters away. The High Court has also instructed strict enforcement. Kerala has recorded 800 pedestrian deaths this year, half of them senior citizens.









